ലഖിംപൂർ കർഷകഹത്യ: വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രമന്ത്രിയുടെ മകൻ
text_fieldsന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകപ്രതിഷേധത്തിലേക്ക് ഇടിച്ചുകയറിയ വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര. പൊലീസ് ചോദ്യംചെയ്യലിലണ് വിശദീകരണം. വാഹനം വിട്ടു കൊടുക്കുക മാത്രമാണ് ചെയ്‌തെന്നും സംഭവം നടന്ന ദിവസം ടിക്കുനിയയിൽ ഇല്ലായിരുന്നുവെന്നും അറിയിച്ച ആശിഷ് മിശ്ര തെളിവായി വിഡിയോയും സമർപ്പിച്ചു.
ആ ദിവസം ബൻവീർപൂറിലെ തന്‍റെ ഗ്രാമത്തിലായിരുന്നുവെന്നും ആശിഷ് മിശ്ര ചോദ്യം ചെയ്യലിൽ പറഞ്ഞു. കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പുകൾ ചേർത്താണ് ആശിഷ് മിശ്രക്കെതിരെ കേസെടുത്തിരുന്നത്. ഇന്ന് രാവിലെ മുതൽ ലഖിംപൂർ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫിസിലാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ഹാജരാകാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും ആശിഷ് മിശ്ര എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ലഖിംപൂർ പൊലീസ് ആശിഷിന്റെ വീട്ടിൽ നോട്ടീസ് പതിച്ചത്.
ലഖിംപൂർ കൊലപാതക കേസിൽ യുപി സർക്കാരിനെ ഇന്നലെ സുപ്രീംകോടതി ശക്തമായി വിമർശിച്ചിരുന്നു. ഇതേതുടർന്ന് കൂടിയാണ് ആശിഷ് മിശ്ര ചോദ്യംചെയ്യലിന് തയാറായതെന്നാണ് സൂചന. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയിട്ടുള്ളതിനാൽ ചോദ്യംചെയ്യലിന് ശേഷം ആശിഷ് മിശ്രയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയേക്കും.
അതേസമയം സംഘർഷത്തിൽ കൊല്ലപ്പെട്ട പ്രാദേശിക മാധ്യമപ്രവർത്തകൻ രമൺ കശ്യപിന്‍റെ വസതിയിൽ നവജ്യോത് സിങ് സിദ്ദു നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ആശിഷ് മിശ്ര ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ആശിഷിനെ ഇന്ന് ചോദ്യംചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിൽ ലഖിംപൂരിലെ ഇന്റർനെറ്റ് ബന്ധം വീണ്ടും വിച്ഛേദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.