ലഖിംപൂർ ഖേരി: ആശിഷ് മിശ്രയുടെ ജാമ്യത്തെ ചോദ്യം ചെയ്ത് കർഷക കുടുംബങ്ങൾ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കര്‍ഷക കൂട്ടക്കൊലക്കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹരജിയുമായി കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ സുപ്രീംകോടതിയില്‍. അലഹബാദ് ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയാറാവാത്തതിനാലാണ് കുടുംബാംഗങ്ങള്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാൻ നിര്‍ബന്ധിതരായതെന്ന് ഹരജിയിൽ വ്യക്തമാക്കി.
കുറ്റകൃത്യത്തിന്‍റെ സ്വഭാവം, പ്രതികള്‍ക്കെതിരായ തെളിവുകള്‍, പ്രതിയുടെ പദവി തുടങ്ങിയവ പരിഗണിക്കാതെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
പ്രതി ജാമ്യത്തില്‍ പുറത്തുനില്‍ക്കുന്നതിനാൽ കുറ്റം ആവര്‍ത്തിക്കാനും സാക്ഷികളെ കൈയേറ്റം ചെയ്യാനും സാധ്യതയുണ്ട്. ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഇരകളുടെ അഭിഭാഷകന് വാദിക്കാന്‍ അവസരം നല്‍കാത്തതിനാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇരകള്‍ക്കായില്ലെന്നും ഹരജിയില്‍ വ്യക്തമാക്കി.
കേന്ദ്ര സർക്കാറിന്‍റെ കർഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ലഖിംപൂർ ഖേരിയിൽ സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്ക് കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് ആശിഷ് മിശ്രയും സംഘവും വാഹനമിടിച്ച് കയറ്റിയത്. സംഭവത്തിൽ അന്ന് എട്ടു പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.