ആശിഷ് മിശ്രക്കെതിരെ അപ്പീലിന് ശിപാർശയുണ്ട് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനം കയറ്റിക്കൊന്ന കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീലിന് പോകാൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റിട്ട. ജഡ്ജിയുടെ ശിപാർശ ഉണ്ടായിരുന്നുവെന്ന് സുപ്രീംകോടതി.
ഉത്തർപ്രദേശ് സർക്കാറിനെ ഇക്കാര്യം അറിയിച്ച ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാറിന്റെ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് കേസ് അടുത്ത മാസം നാലിലേക്ക് മാറ്റി.
ആശിഷ് മിശ്രക്ക് ജാമ്യം നൽകുന്നതിനെ അലഹാബാദ് ഹൈകോടതിയിൽ തങ്ങൾ ശക്തമായി എതിർത്തിട്ടുണ്ടെന്ന ബി.ജെ.പി സർക്കാറിന്റെ അവകാശവാദത്തിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വെളിപ്പെടുത്തൽ. റിട്ട. ജസ്റ്റിസ് രാജേഷ് കുമാർ ജെയിൻ മേൽനോട്ടം വഹിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്ന് ശിപാർശ ചെയ്തിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്താണ് ഇക്കാര്യത്തിൽ യു.പി സർക്കാറിന്റെ നിലപാട് എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നായിരുന്നു അഭിഭാഷകൻ മഹേഷ് ജത്മലാനിയുടെ മറുപടി. യു.പി അഡീഷനൽ ചീഫ് സെക്രട്ടറിക്ക് രണ്ട് കത്തുകൾ എസ്.ഐ.ടി അയച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് സുര്യകാന്ത് ഇതിനോട് പ്രതികരിച്ചു.
സാക്ഷിക്കെതിരെ ആക്രമണം നടന്നപ്പോൾ ആശിഷ് മിശ്ര പ്രദേശത്ത് ഇല്ലെന്ന് കാണിക്കാൻ യു.പി സർക്കാർ വ്യാജരേഖ കെട്ടിച്ചമച്ചത് അന്വേഷിക്കണമെന്ന് കർഷകരുടെ കുടുംബങ്ങൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു.
മിശ്രയുടെ ജാമ്യം ഉടൻ റദ്ദാക്കണമെന്നും ഒട്ടും ആലോചിക്കാതെ നൽകിയ ജാമ്യമാണിതെന്നും അദ്ദേഹം വാദിച്ചു. സാക്ഷി ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ഉത്തർപ്രദേശ് സർക്കാർ വാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.