ലഖിംപുർ ഖേരി കൊലപാതകം; സഹോദരിമാരുടെ ഓർമയിൽ വിതുമ്പി കുടുംബം
text_fieldsഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ദലിത് സഹോദരിമാരെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇരുവരെയും ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ആറുപേർ അറസ്റ്റിലായിരുന്നു. പെൺകുട്ടികളുടെ വീട് സന്ദർശിച്ച് ദേശീയ മാധ്യമമായ 'ദി ക്വിന്റ്' പ്രതിനിധി തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത് കരളലിയിപ്പിക്കുന്ന വിവരങ്ങളാണ്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്ന നിർധന കുടുംബമാണ് പെൺകുട്ടികളുടേത്. കൊല്ലപ്പെടുമ്പോൾ കുട്ടികൾക്ക് പ്രായപൂർത്തിയായിരുന്നില്ല. മൂത്തവൾ (17) സ്‌കൂൾ പഠനം ഉപേക്ഷിച്ച് കുടുംബം പോറ്റുകയായിരുന്നു. 'അവൾ (മൂത്ത മകൾ) എട്ടാം ക്ലാസിന് ശേഷം പഠനം ഉപേക്ഷിച്ചു. എന്റെ ഭാര്യക്ക് രണ്ട് വർഷം മുമ്പ് ഒരു ഓപ്പറേഷൻ നടത്തിയിരുന്നു.അതിനുശേഷം അവളുടെ ആരോഗ്യം മോശമായിരുന്നു. അവളാണ് അമ്മയെയും കുടുംബത്തെയും പരിപാലിച്ചിരുന്നത്'-മരിച്ച പെൺകുട്ടികളുടെ പിതാവ് പറഞ്ഞു.
അനുജത്തി പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. അവൾ അടുത്തുള്ള സ്കൂളിലാണ് പഠിച്ചിരുന്നത്. എന്നാൽ അവളുടെ ഉപരിപഠനത്തിന് വീട്ടുകാർക്ക് താൽപ്പര്യമില്ലായിരുന്നു. മൂത്ത സഹോദരിയെപ്പോലെ, സാമ്പത്തിക ഞെരുക്കം കാരണം അവൾ 10 കഴിഞ്ഞാൽ സ്കൂൾ ഉപേക്ഷിക്കാനിരിക്കുകയായിരുന്നു. മൂത്ത സഹോദരി തയ്യൽ പഠിച്ചിരുന്നു.
വീട്ടിലെ മുറിയിൽ, വാതിലിനോട് ചേർന്ന് സൂക്ഷിച്ചിരിക്കുന്ന തയ്യൽ മെഷീൻ കാണാമായിരുന്നു. മൂത്ത മകൾക്ക് തയ്യൽ മെഷീൻ വാങ്ങാൻ കുടുംബത്തിന് സമ്പാദ്യം മുഴുവൻ ചിലവാക്കേണ്ടി വന്നു. 'വീട്ടിലെ പഴയ വസ്ത്രങ്ങളിൽ അവൾ തയ്യൽ വിദ്യകൾ പഠിച്ചു വരികയായിരുന്നു' -ഒരു ബന്ധു പറഞ്ഞു. പെൺകുട്ടികൾ കൊലയാളികളോടൊപ്പം സ്വമേധയാ പോയെന്ന പോലീസ് ഭാഷ്യെത്ത വീട്ടുകാർ ശക്തമായി എതിർക്കുന്നു.
നാടിനെ നടുക്കിയ കൊലപാതകം
ലഖിപുർ ഖേരിയിലെ ഗ്രാമത്തിനു പുറത്ത് വയലിലുള്ള മരത്തിലാണ് 15 ഉം, 17 ഉം പ്രായമുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നില്ല. തുടരന്വേഷണത്തിലാണ് പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായെന്നും കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നും കണ്ടെത്തിയത്. സംഭവത്തിൽ ആറുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കുട്ടികളുമായി പ്രതികൾക്കു പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്ന കുടുംബത്തിന്റെ ആരോപണം പോലീസ് നിഷേധിച്ചു. ഇവർ പ്രതികൾക്കൊപ്പം പോകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സൊഹൈൽ, ജുനൈദ്, ഹഫീസുൾ, റഹ്മാൻ, കരീമുദ്ദീൻ, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ ഇവർക്കു പരിചയപ്പെടുത്തിയ അയൽവാസി ഛോട്ടുവും അറസ്റ്റിലായിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച ജൂനൈദിനെ എൻകൗണ്ടറിലൂടെയാണ് പിടിച്ചത്. ഇയാളെ കാലിൽ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഐപിസി സെക്ഷൻ 302, 376, പോക്സോ നിയമം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സുഹൈലും ജൂനൈദുമായി പെൺകുട്ടികൾ സൗഹൃദത്തിലായിരുന്നു. ഇരുവരും ചേർന്ന് പെൺകുട്ടികളെ കരിമ്പുപാടത്തു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. പെൺകുട്ടികൾ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കഴുത്തുഞെരിച്ചു കൊന്ന് അവർ ധരിച്ചിരുന്ന ഷാളിൽ കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന തോന്നിക്കാനായിരുന്നു ഇത്. സൊഹൈലും ജുനൈദും ഹഫീസുള്ളും പേർന്നാണ് ഇവരെ കൊലപ്പെടുത്തിയത്. പിന്നീട് ഇവരെ കെട്ടിത്തൂക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമായി കരീമുദ്ദീനെയും ആരിഫിനെയും സഹായത്തിന് വിളിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.