ലഖിംപൂർ ഖേരി കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി
text_fieldsലഖ്നോ: ലഖിംപൂർ ഖേരി കൂട്ടക്കൊല കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി. ഒരാഴ്ചക്കുള്ളിൽ ആശിഷ് മിശ്രയോട് കീഴടങ്ങാനും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ഇരകളെ കേൾക്കാതെയാണ് ആശിഷ് മിശ്രക്ക് ജാമ്യം നൽകിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
നേരത്തെ ആശിഷ് മിശ്രക്ക് ജാമ്യം നൽകിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിപുലമായ കുറ്റപത്രം ഹൈകോടതി പരിഗണിച്ചില്ലെന്നും ഒരാൾക്ക് വെടിയേറ്റെന്ന എഫ്.ഐ.ആർ മാത്രം പരിഗണിച്ചാണ് ആശിഷ് മിശ്രക്ക് ജാമ്യം നൽകിയതെന്നും കർഷകർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ എന്നിവരുടെ വാദവും സുപ്രീംകോടതി പരിഗണിക്കുകയുണ്ടായി.
കർഷക പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട വേളയിൽ, 2021 ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ ലഖിംപുർഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിലേക്ക് ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചുകയറ്റി നാലു കർഷകരും മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു. തുടർന്നുണ്ടായ അക്രമത്തിൽ വാഹനത്തിന്റെ ഡ്രൈവറും രണ്ടു ബി.ജെ.പി പ്രവർത്തകരും കൊല്ലപ്പെടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.