കർഷകക്കൊല: ആശിഷിനോട് പൊലീസ് ചോദിച്ച 10 ചോദ്യങ്ങളും മറുപടിയും
text_fieldsലഖ്നോ: ലഖിംപൂർ ഖേരിയിൽ സമരംചെയ്ത കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സമയത്ത് താൻ അവിടെ ഇല്ലായിരുന്നുവെന്ന വാദം ആവർത്തിച്ച് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര. സംഭവസമയത്ത് സർക്കാർ ചടങ്ങിന്‍റെ മുന്നൊരുക്കം നടത്തുകയായിരുന്നു താനെന്നാണ് ൈക്രംബ്രാഞ്ച് ചോദ്യം ചെയ്യൽ വേളയിൽ ആശിഷ് മിശ്ര പറഞ്ഞതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും സർക്കാർ പദ്ധതികളുടെ ശിലാസ്ഥാപനത്തിനായി ലഖിംപൂർ ഖേരി സന്ദർശിക്കാനിരിക്കെയായിരുന്നു രാജ്യത്തെ നടുക്കിയ കർഷകകുരുതി അരങ്ങേറിയത്. പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ നേർക്ക് ആശിഷ് മിശ്രയുടെ മഹീന്ദ്ര ഥാർ ജീപ്പും ഫോർച്യൂണർ, സ്കോർപിയോ കാറുകളും ഓടിച്ചു കയറ്റുകയായിരുന്നു. നാല് കർഷകരും രണ്ട് ബി.ജെ.പി പ്രവർത്തകരും ഒരു ഡ്രൈവറും ഒരു പത്രപ്രവർത്തകനും ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
ഥാർ ജീപ്പ് ഓടിച്ചത് ആശിഷ് മിശ്രയാണെന്ന് കർഷകരടക്കമുള്ള ദൃക്‌സാക്ഷികൾ ഉറപ്പിച്ച് പറഞ്ഞിരുന്നു. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന ശേഷമാണ് ആശിഷിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യംചെയ്യലിൽ ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് സഹാറൻപൂർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഉപേന്ദ്ര അഗർവാൾ പറഞ്ഞിരുന്നു.
പൊലീസ് ഉന്നയിച്ച ചോദ്യങ്ങളും ആശിഷ് മിശ്ര നൽകിയ മറുപടിയും:
ചോദ്യം 1: വേദിയിലേക്കുള്ള വി.വി.ഐ.പി റൂട്ട് മാറ്റിയതായി അറിഞ്ഞിരുന്നില്ലേ?
ആശിഷ് മിശ്ര: നേരത്തേ പറഞ്ഞ വഴിയെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. റൂട്ട് മാറ്റിയത് സംബന്ധിച്ച വിവരം അവസാന നിമിഷമാണ് അറിഞ്ഞത്.
2. സംഭവം നടക്കുമ്പോൾ താങ്കൾ എവിടെയായിരുന്നു?
ആശിഷ് മിശ്ര: ഈ സംഭവം നടക്കുമ്പോൾ ഞാൻ പരിപാടി (ശിലാസ്ഥാപനം) നടക്കുന്ന സ്ഥലത്തായിരുന്നു. പ്രോഗ്രാം സംഘടിപ്പിക്കുന്നതിന്‍റെയും വി.വി.ഐ.പികളെ കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിന്‍റെയും തിരക്കിലായിരുന്നു.
3. ഉച്ച 2.36 മുതൽ 3.30 വരെ താങ്കൾ എവിടെയായിരുന്നു?
ആശിഷ് മിശ്ര: ആ സമയത്തും ഞാൻ പരിപാടി സ്ഥലത്ത് തന്നെയായിരുന്നു. മറ്റെവിടെയും പോയിട്ടില്ല.
4. എന്നാൽ പ്രോഗ്രാമിനിടെ വേദിയിൽ നിന്ന് ഈ സമയത്ത് താങ്കളെ കാണാതായതായി ആളുകൾ പറയുന്നു.
ആശിഷ് മിശ്ര: ഇല്ല, ഞാൻ അവിടെ ഉണ്ടായിരുന്നു. വേദിയോട് ചേർന്നുള്ള എന്‍റെ അരിമില്ലിൽ ഇടയ്ക്ക് പോയി തിരിച്ചു വന്നിരുന്നു.
5. അക്രമത്തിന് തുടക്കമിട്ട ഥാർ ജീപ്പ് ആരാണ് ഓടിച്ചത്? അതിനുള്ളിൽ ആരൊക്കെയാണ് ഉണ്ടായിരുന്നത്? ഫോർച്യൂണറിലും സ്കോർപിയോയിലും ഉണ്ടായിരുന്ന ആരൊക്കെ?
ആശിഷ് മിശ്ര: ഥാർ ജീപ്പ് എേന്റതായിരുന്നു. ഞങ്ങളുടെ ഡ്രൈവർ ഹരിഓം മിശ്രയാണ് ഓടിച്ചിരുന്നത്. അടുത്ത സഹായിയും ബി.ജെ.പി പ്രവർത്തകനുമായ അങ്കിത് ദാസ് ഫോർച്യൂണറിൽ ഉണ്ടായിരുന്നു. മുഖ്യാതിഥിയെ കൊണ്ടുവരാനാണ് അദ്ദേഹം പോയത്. പക്ഷേ ഏതുവഴിയിൽ, എങ്ങോട്ടാണ് പോയത് എന്നൊന്നും എനിക്കറിയില്ല. സംഭവശേഷം അദ്ദേഹം എന്നെ ബന്ധപ്പെട്ടിട്ടില്ല.
6. മൂന്ന് വാഹനങ്ങളിൽ ഏതിലായിരുന്നു താങ്കൾ?
ആശിഷ് മിശ്ര: ഞാൻ പറഞ്ഞുവല്ലോ, വേദിയിൽ തന്നെയായിരുന്നു. ഞാൻ പരിപാടി സ്ഥലത്തുനിന്ന് മാറുകയോ എവിടെയെങ്കിലും പോകുകയോ ചെയ്തിട്ടില്ല.
7. താങ്കൾ ആ ജീപ്പ് ഓടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു?
ആശിഷ് മിശ്ര: ഇല്ല, ഞാൻ ഥാർ ജീപ്പിൽ എന്നല്ല, ഒരു കാറിലും ഉണ്ടായിരുന്നില്ല. വി.വി.ഐ.പികളെ കൊണ്ടുവരാനാണ് ഞാൻ ഈ വാഹനങ്ങൾ അയച്ചത്.
8. താങ്കൾ സ്ഥലത്തില്ലായിരുന്നുവെങ്കിൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഉടൻ എന്തിനാണ് അപ്രത്യക്ഷമായത്? കഴിഞ്ഞ 48 മണിക്കൂർ താങ്കൾ എവിടെയായിരുന്നു?
ആശിഷ് മിശ്ര: ഞാൻ അപ്രത്യക്ഷനായിട്ടില്ല. എന്‍റെ ഗ്രാമമായ ബൽബീർപൂറിൽ ആയിരുന്നു. ശാരീരികക്ഷീണം കാരണം വിശ്രമിക്കുകയായിരുന്നു.
9. അക്രമം നടക്കുമ്പോൾ താങ്കൾ വേദിയിലുണ്ടായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല?
ആശിഷ് മിശ്ര: പരിപാടിയുടെ മുഴുസമയവും ഞാൻ അവിടെ ഉണ്ടായിരുന്നു. എവിടെയും പോയിട്ടില്ല. ഈ അക്രമവുമായി ബന്ധപ്പെട്ട് എന്‍റെ പേര് ഉയർന്നുവന്ന കാര്യം എനിക്കറിയില്ലായിരുന്നു. എനിക്ക് ലഭിച്ച പ്രോഗ്രാമിന്‍റെ മുഴുവൻ വീഡിയോകളും ഞാൻ കൈമാറിയിട്ടുണ്ട്.
10. കാണാതായ രണ്ട് തിരകൾ കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആരാണ് ആയുധം എടുത്തിരുന്നത്? ആയുധങ്ങളുമായി നിങ്ങൾ ആരെയാണ് അയച്ചത്?
ആശിഷ് മിശ്ര: ഞാൻ കാറിലുള്ളപ്പോൾ മാത്രമാണ് ആയുധങ്ങൾ ഉപയോഗിക്കുന്നത്. ഞാൻ അതിലില്ലാത്തപ്പോൾ ആയുധങ്ങൾ വണ്ടിയിൽ സൂക്ഷിക്കാറില്ല.
സെപ്റ്റംബർ 25ന് അജയ് കുമാർ മിശ്ര നടത്തിയ പ്രസംഗമാണ് ലഖിംപുരിലെ കർഷകപ്രക്ഷോഭത്തിന് വഴിയൊരുക്കിയതെന്നാണ് തികുനിയ വാസിയായ ജോട് സിങ് പറഞ്ഞത്. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ മിശ്ര പറഞ്ഞത്, കർഷകരെ മര്യാദ പഠിപ്പിക്കാൻ തനിക്ക് രണ്ടു മിനിറ്റ് മതിയെന്നാണ്. സെപ്റ്റംബർ ആദ്യത്തിൽ പാലിയ സന്ദർശിച്ച വേളയിൽ കർഷകർ കരിങ്കൊടി കാണിച്ചതിന് പ്രതികരണമായെന്ന് കരുതപ്പെടുന്ന പ്രസംഗത്തിൽ കർഷകർ പാലിയയല്ല, ലഖിംപുരിൽനിന്നുതന്നെ വിട്ടുപോകേണ്ടിവരുമെന്നാണ് രണ്ടുവട്ടം എം.പിയായ അദ്ദേഹം പറഞ്ഞത്.
ഒക്ടോബർ മൂന്നിന് ഉപമുഖ്യമന്ത്രി മൗര്യയും അജയ്കുമാർ മിശ്രയും ബൻവീർപുരിൽ നടക്കുന്ന ഗുസ്തി കാണാൻ വിമാനത്തിൽ വന്നിറങ്ങുമെന്നറിഞ്ഞാണ് നേതാക്കളുടെ ഹെലിപാഡായി ഉപയോഗിക്കാറുള്ള മഹാരാജ അഗ്രസെൻ കോളജ് ഗ്രൗണ്ടിൽ കർഷകർ ഒത്തുകൂടിയത്.
രാവിലെ 11.30നാണ് ഗുസ്തി മത്സരം നിശ്ചയിച്ചിരുന്നത്. കർഷകർക്ക് പ്രതിഷേധം തുടരാമെന്നും മന്ത്രിമാർ മറ്റൊരു റൂട്ടിലൂടെ പരിപാടി കാണാൻ പോകുമെന്നുമാണ് ജില്ല മജിസ്ട്രേറ്റ് അറിയിച്ചതെന്ന് അവിടെ രാവിെല മുതൽ സന്നിഹിതനായിരുന്ന ദിൽബാഗ് സിങ് പറയുന്നു. അവർ ഹെലികോപ്ടറിൽ വന്നിറങ്ങുന്നതിന് പകരം റോഡ് മാർഗം സഞ്ചരിച്ച് പരിപാടിയിൽ പങ്കെടുത്തു. നാലു മണിയായിട്ടും മിശ്രയും മൗര്യയും വരുന്നത് കാണാതായതോടെ കർഷകർ പിരിഞ്ഞുപോകാൻ ആരംഭിച്ചു. അവിടെ ഒരുക്കിയ ഭക്ഷണവിതരണകേന്ദ്രത്തിൽനിന്ന് ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു എല്ലാവരുമെന്ന് ജോഗ്മിത്തൽ സിങ് പറയുന്നു. ഭക്ഷണം കഴിച്ചവർ ഒന്നൊന്നായി മടങ്ങാൻ തുടങ്ങി. അന്നേരമാണ് ഫോർച്യൂണർ, ഥാർ, സ്കോർപിയോ വാഹനങ്ങൾ അതിവേഗത്തിൽ തങ്ങൾക്കുനേരെ പാഞ്ഞുവന്നത്. ഇത്രയധികം ആൾക്കൂട്ടം അവിടെയുണ്ടായിട്ടും വാഹനങ്ങളുടെ വേഗം കുറക്കാൻ കൂട്ടാക്കിയില്ല.
ഒഴിഞ്ഞുമാറാൻ കഴിയാതെപോയ കർഷകർ വാഹനങ്ങൾക്ക് അടിയിൽപെടുകയായിരുന്നു. വാഹനങ്ങൾ നിർത്താഞ്ഞതിനാൽ അടിയിൽപെട്ടവരെയും റോഡിലൂെട വലിച്ചിഴച്ചുകൊണ്ടുപോയി. അതിനിടയിൽ ഒരു വാഹനത്തിെൻറ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിെൻറ മറുവശത്തേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. മറ്റു വാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന രണ്ടു പേർ വെടിവെക്കാൻ ആരംഭിച്ചു. അവിടമാകെ പൊടിമൂടിയതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് തുടക്കത്തിൽ വ്യക്തമായില്ല.
ആളുകൾ മരിച്ചിരിക്കുന്നുവെന്ന് അപ്പോഴേക്കും എല്ലാവരും ഒച്ചയെടുക്കാൻ തുടങ്ങി. അതിനിടയിൽ അടുത്ത വാഹനവും നിയന്ത്രണംവിട്ട് മറിഞ്ഞു. അതോടെയാണ് വെടിവെപ്പ് തുടങ്ങിയത്. ഒരു കർഷകെൻറ നെറ്റിത്തടത്തിലാണ് വെടിയേറ്റത്. വെടിവെപ്പിെൻറ ശബ്ദം താൻ കേട്ടതായി ജോഗ് മിത്തൽ പറയുന്നു. പ്രാഥമിക മൃതദേഹപരിശോധന റിപ്പോർട്ട് പ്രകാരം നാലു കർഷകരും മരിച്ചത് ആഘാതത്തിലും രക്തംവാർന്നുമാണ്. ആരും വെടിയേറ്റു മരിച്ചതായി പറയുന്നില്ല. സംഭവസ്ഥലത്തുണ്ടായിരുന്ന ഗുർസേവക് സിങ് മൂന്നു വാഹനങ്ങൾ കർഷകർക്കുനേരെ ചീറിപ്പാഞ്ഞടുക്കുന്നതിെൻറ വിഡിയോ കാണിച്ചുതന്നു.
കർഷകർ മരിച്ചതറിഞ്ഞ് ആൾക്കൂട്ടം പ്രതികരിക്കാൻ തുടങ്ങിയതോടെ ഒരു വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങി പ്രധാന റോഡിനടുത്തുള്ള വഴിയിലേക്ക് ഓടാൻ തുടങ്ങിയെന്നും പോകുന്ന വഴിയിലും അവർ വെടിയുതിർത്തുവെന്നും അദ്ദേഹം പറയുന്നു. പരിക്കേറ്റു കിടക്കുന്നവർക്കരികിലേക്ക് കർഷകർ വരാൻ തുനിഞ്ഞെങ്കിലും വെടിവെപ്പ് കേട്ടതിനാൽ എല്ലാവരും അന്തിച്ചുനിന്നു. കർഷകപ്രക്ഷോഭം ഉള്ളതിനാൽ സ്ഥലത്ത് നേരത്തേതന്നെ ഉണ്ടായിരുന്ന പൊലീസുകാർ വെടിയുതിർത്ത് ഓടിപ്പോയവർക്ക് രക്ഷ ഒരുക്കാൻ അവർക്കു പിറകെ പോയി.
വാഹനങ്ങൾ മറിഞ്ഞാണ് രണ്ടു ബി.ജെ.പി പ്രവർത്തകരും ഡ്രൈവറും മരിച്ചതെന്ന് ഗുർസേവക് പറയുന്നു.ഒരു വാഹനം ഓടിച്ചിരുന്നത് ആശിഷ് ആയിരുന്നുവെന്നും അയാൾ ഓടുന്നതിനിടെ വായുവിലേക്ക് നിറയൊഴിക്കുന്നത് താൻ കണ്ടുവെന്നും മറ്റൊരു ദൃക്സാക്ഷിയായ തൽവീന്ദർ സിങ് എന്ന കർഷകൻ വിവരിക്കുന്നു.ജോഗ് മിത്തലും ഗുർസേവകും പേരുപറയാൻ ആഗ്രഹിക്കാത്ത രണ്ടുപേരും ആശിഷ് തോക്കിൽ ഉണ്ട നിറക്കുന്നത് എന്ന പേരിൽ ഒരു വിഡിയോ ക്ലിപ് കാണിച്ചുതന്നു. സംഭവം നടക്കുന്നതിന് ഏതാനും നേരം മുമ്പുണ്ടായ ഒരു ഫേസ്ബുക്ക് ലൈവിൽനിന്ന് എടുത്തതാണ് ആ വിഡിയോ.അവ്യക്തമായ ക്ലിപ്പിൽ കാണുന്നയാൾ ആശിഷ് ആണെന്ന് പ്രദേശവാസികളിൽ പലരും പറയുന്നുവെങ്കിലും ഞങ്ങൾക്ക് വിഡിയോയുടെ ആധികാരികത ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല. അതിൽ കാണുന്നയാൾ ആശിഷ് ആണെന്നോ അയാൾ പിസ്റ്റൾ ലോഡ് ചെയ്യുകയാണെന്നോ വ്യക്തമല്ല.
മകെൻറ കൈയിൽ തോക്കുണ്ടെങ്കിൽ അത് നിയമാനുസൃതമുള്ളതായിരുന്നേനെയെന്നും താനും മകനും അവിടെയുണ്ടായിരുന്നില്ലെന്നുമാണ് മന്ത്രി അജയ് കുമാർ മിശ്ര ദേശീയ ചാനലിനോട് പറഞ്ഞത്.സംഭവം നടന്ന തെരുവിൽ താമസിക്കുന്ന അസദ് എന്ന തൊഴിലാളിയുടെ കുടുംബവുമായും തങ്ങൾ സംസാരിച്ചു. രാവിലെ പത്തരക്ക് കർഷകർ അവിടെ പ്രതിഷേധം തുടങ്ങിയിരുന്നുവെന്നും ഉച്ച പിന്നിട്ടതോടെ ഒച്ചപ്പാടും ബഹളവും നിറയുന്നതും പൊടിപരക്കുന്നതുമെല്ലാം അറിഞ്ഞുവെന്നും അസദിെൻറ ഭാര്യ പറയുന്നു. പേടിപ്പെടുത്തുന്ന ഒച്ചകളാണ് കേട്ടതെന്നും അത് വെടിയൊച്ചയാണോ എന്നു പറയാനാവില്ലെന്നും അവർ പറയുന്നു.
സ്ത്രീകളെല്ലാം മക്കളെയും വാരിപ്പിടിച്ച് വീടുകളിൽനിന്ന് വയലുകളിലേക്കോടി. ഓടുന്നതിനിടെ ആളുകൾ മോനു ഭയ്യ, മോനു ഭയ്യ എന്ന് വിളിച്ചുപറയുന്നത് കേൾക്കാമായിരുന്നു. ആശിഷ് മിശ്രയെ നാട്ടുകാർ വിളിക്കുന്ന പേരാണത്.ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കർഷകരുടെ മൃതദേഹങ്ങൾ അന്ന് രാത്രി മുഴുവൻ പ്രതിഷേധസ്ഥലത്ത് സൂക്ഷിച്ചു. മൊബൈൽ ഇൻറർനെറ്റ് ബന്ധം തടഞ്ഞ അധികൃതർ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
പിറ്റേന്ന് രാവിലെ ഈ പ്രദേശത്തേക്ക് പുറപ്പെട്ട പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കെള തടഞ്ഞുവെച്ചു. ലഖിംപുർ ഖേരിയിലേക്കുള്ള റോഡുകൾ പലയിടത്തും കർഷകരും ഉപരോധിച്ചു. ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത് പ്രാദേശിക ഭരണകൂടവുമായി പലവട്ടം നടത്തിയ ചർച്ചകൾക്കൊടുവിൽ മരിച്ച കർഷകരുടെ കുടുംബത്തിന് 45 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകാൻ യു.പി സർക്കാർ സമ്മതിച്ചു. പരിക്കേറ്റ കർഷകർക്ക് 10 ലക്ഷം രൂപ വീതവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ഒത്തുതീർപ്പിനുശേഷമാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ലഖിംപുർ ജില്ല ആശുപത്രിയിലേക്കു മാറ്റിയത്. ഒരു റിട്ട. ജഡ്ജിയെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
രണ്ട് എഫ്.ഐ.ആറുകൾ തികുനിയ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരെണ്ണം ആശിഷ് മിശ്രക്കും 13 പേർക്കുമെതിരെ കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, ലഹള, അശ്രദ്ധമായ വാഹനമോടിക്കൽ മൂലമുള്ള നരഹത്യ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്. സുമിത് ജൈസ്വാൾ എന്നയാൾ ഫയൽ ചെയ്ത എഫ്.ഐ.ആർ തിരിച്ചറിയാത്ത ആളുകളെ ലഹള, അവഗണന മൂലം മരണത്തിന് വഴിയൊരുക്കൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ്. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകെൻറ കുടുംബവും ആശിഷ് മിശ്രക്കും സഹായികൾക്കുമെതിരെയാണ് ആരോപണമുയർത്തുന്നത്.
ആശിഷ് മിശ്ര ഇതുവരെയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി പ്രശാന്ത് കുമാർ പറഞ്ഞത്, ആശിഷ് മിശ്രക്കെതിരായ അന്വേഷണം സംബന്ധിച്ച് വെളിപ്പെടുത്താനാവില്ല എന്നാണ്. കൊലപാതകം ഉൾപ്പെടെ കുറ്റങ്ങളുണ്ടായിട്ടും മിശ്രയെ അറസ്റ്റു ചെയ്യാത്തതെന്താണ് എന്ന് ചോദിച്ചു.നിങ്ങൾ ആദ്യം പറഞ്ഞു എഫ്.ഐ.ആറിടാൻ, ഇപ്പോൾ അറസ്റ്റ് ചെയ്യാൻ പറയുന്നു, അൽപം ക്ഷമ കാണിക്കൂ എന്നായിരുന്നു ഉദ്യോഗസ്ഥെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.