ലഖിംപുർ ഖേരി സംഘർഷം: വാഹനം ഇടിച്ചുകയറ്റിയത് മന്ത്രിയുടെ മകനെന്ന് കർഷകർ; അജ്ഞാതൻ വെടിയും ഉതിർത്തു, യു.പിയിൽ കർഷക രോഷം
text_fieldsലഖ്നോ: മന്ത്രിമാരുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റിയതിനെതുടർന്ന് കർഷകർ മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. വാഹനം ഇടിച്ചുകയറ്റിയത് കേന്ദ്ര മന്ത്രിയുടെ മകനാണെന്ന് കർഷകർ ആരോപിച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് ആണ് വാഹനം ഇടിച്ചുകയറ്റിയതെന്നാണ് കർഷകർ പറയുന്നത്. അജ്ഞാതനായ ഒരാൾ പ്രതിഷേധക്കാർക്കുനേരേ വെടിയുതിർത്തതായും പ്രദേശത്തുണ്ടായിരുന്നവർ പറയുന്നു.
ഉത്തർപ്രദേശിലെ ലഖിംപുർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ മൂന്നുപേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സമരരംഗത്തുണ്ടായിരുന്ന കർഷകരാണ് മരിച്ചത്. ഇതേതുടർന്ന് സ്ഥലത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പ്രദേശവാസികൾ വാഹനങ്ങൾക്ക് തീയിട്ടതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ വാഹനവ്യൂഹമാണ് സമരക്കാർക്കുനേരേ ഇടിച്ചുകയറിയത്.
ബൻവീർ ഗ്രാമത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എത്തിയത്. മന്ത്രിയെത്തുന്ന വിവരമറിഞ്ഞ് പ്രതിഷേധക്കാർ ഹെലിപാഡ് കയ്യേറി. തുടർന്ന് അദ്ദേഹം ലഖ്നൗവിൽ നിന്ന് റോഡ് മാർഗം ലഖിംപൂരിലെത്തുകയായിരുന്നു. പാലിയ, ഭീര, ബിജുവാ, ഖജൂരിയ, സമ്പൂർണ നഗർ തുടങ്ങിയ ഗ്രാമങ്ങളിൽനിന്ന് കർഷകർ കൈകളിൽ കറുത്ത പതാകകളുമായി എത്തിയാണ് മന്ത്രിക്കെതിരേ പ്രതിഷേധിച്ചത്.
കഴിഞ്ഞ ദിവസം ആയിരക്കണക്കിന് കർഷകർ ടികുനിയയിലേക്ക് മാർച്ച് നടത്തുകയും ഉത്തർപ്രദേശ് സർക്കാരിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കേന്ദ്ര മന്ത്രിയുടെ പരിപാടിക്കായി ഉപമുഖ്യമന്ത്രി എത്ത്തിയ.പരിക്കേറ്റ കർഷകരെ കാണാൻ താൻ ലഖിംപൂരിലെത്തുമെന്ന് ഭാരതീയ കിസാൻ യൂനിയൻ വക്താവ് രാകേഷ് ടികായത്ത് പറഞ്ഞു. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 'പ്രദേശം ഇപ്പോൾ നിയന്ത്രണത്തിലാണ്. ക്രമസമാധാന നില സുരക്ഷിതമാണ്. സംഘർഷ സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്കൽ പോലീസും പിഎസിയും പ്രദേശം അവരുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്'-ലഖിംപുർ ഖേരിയിലെ ജില്ലാ മജിസ്‌ട്രേറ്റ് അരവിന്ദ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.