ലഖിംപൂരിലേക്ക് ആരെയും അടുപ്പിക്കാതെ യു.പി സർക്കാർ; അഖിലേഷ് കുത്തിയിരിപ്പ് സമരത്തിൽ, പ്രിയങ്കയെ തടഞ്ഞു...
text_fieldsലഖ്നോ: കേന്ദ്ര മന്ത്രിയുടെ മകന്‍റെ വാഹനവ്യൂഹം ഇടിച്ചു കയറ്റി കർഷരെ കൊല ചെയ്ത ലഖിംപൂർ ഖേരിയിലേക്ക് പ്രതിപക്ഷനേതാക്കളെയൊന്നും കടത്തിവിടാതെ യൂ.പി സർക്കാർ. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകാതെ ആരെയും ലഖിംപൂർ ഖേരിയിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള യു.പി സർക്കാറിന്‍റെ നിലപാട്.
ലഖിംപൂർ ഖേരിയിലേക്ക് പോകാനായി പുറപ്പെട്ട സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞതിനെ തുടർന്ന് വീടിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലഖ്നോവിലെ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരത്തിലാണ് അഖിലേഷ്.
ഇന്നലെ രാത്രി തന്നെ ലഖിംപൂർ ഖേരിയിലേക്ക് പുറപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. പൊലീസുമായി വാക് തർക്കത്തിലേർപ്പെട്ട പ്രിയങ്കയെയും സംഭവസ്ഥലത്തേക്ക് പോകൻ പൊലീസ് അനുവദിച്ചിട്ടില്ല.
'നിങ്ങളും നിങ്ങൾ പ്രതിരോധിക്കാൻ ശ്രമിക്കുന്ന സർക്കാറും കൊന്നുകളഞ്ഞ കർഷകരേക്കാൾ പ്രധാനമല്ല ഞാൻ. എന്നെ തടയാൻ നിയമപരമായ വാറന്‍റുണ്ടെങ്കിൽ അതു കാണിക്കൂ. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാനാണ് ഞാൻ വന്നത്. അല്ലാതെ കുറ്റമൊന്നും ചെയ്തിട്ടില്ല. എന്തിനാണ് എന്നെ തടയുന്നത്. ഈ രാജ്യം കർഷകരുടേതാണ്, ബി.ജെ.പിയുടേതല്ല' -തന്നെ തടഞ്ഞ പൊലീസിനോട് പ്രിയങ്ക പറഞ്ഞു.
ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, പഞ്ചാബ് ഉപമുഖ്യമന്ത്രി എസ്.എസ് രൺദവ തുടങ്ങിയവർക്കൊന്നും ലഖിംപൂർ ഖേരിയിലേക്ക് യോഗി ആദിഥ്യ നാഥിന്‍റെ യു.പി സർക്കാർ യാത്രാ അനുമതി നൽകിയിട്ടില്ല. ഭൂപേഷ് ഭാഗലിന്‍റെ വിമാനത്തിന് യു.പിയിൽ ഇറങ്ങാനുള്ള അനുമതി നൽകിയിട്ടില്ല.
സംഭവസ്ഥലം സന്ദർശിക്കാനൊരുങ്ങിയ ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിനെയും പൊലീസ് തടഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.