ലഖിംപുർ ഖേരി അക്രമം; കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രക്കും 13 പേർക്കുമെതിരെ കേസ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രക്കും 13 പേർക്കുമെതിരെ കേസ്. തിങ്കളാഴ്ചയാണ് 13 പേർക്കെതിരെ കൊലപാതകം, കലാപം എന്നിവക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഞായറാഴ്ചയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാലു കർഷകരടക്കം എട്ടുപേർ മരിച്ചിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഒരു മാധ്യമപ്രവർത്തകൻ തിങ്കളാഴ്ച മരിച്ചിരുന്നു.
ആക്രമണത്തിന് പിന്നാലെ ഞായറാഴ്ച രാത്രി മുതിർന്ന രാഷ്ട്രീയ നേതാക്കളായ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബഹുജൻ സമാജ് പാർട്ടി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര എന്നിവരെ വീട്ടുതടങ്കലിലാക്കിയിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് ജില്ല മജിസ്ട്രേറ്റ്, എസ്.പി എന്നിവരെ കാണുകയും നാലു പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയെ ഉടൻ സസ്പെൻഡ് ചെയ്യണം, മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണം, കൊല്ലെപ്പട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം അനുവദിക്കണം, കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സർക്കാർ ജോലി നൽകണം എന്നിവയാണ് പ്രധാന ആവശ്യം.
ലഖിംപൂരിലേക്ക് പോകുന്നതിനിടെ ഞായറാഴ്ച വൈകിട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് തടഞ്ഞിരുന്നു. പ്രിയങ്കയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഞായറാഴ്ച ലഖിംപുരിയിൽ അരങ്ങേറിയ സംഭവ വികാസങ്ങളിൽ കർഷകർ അടക്കം പേരാണ് കൊല്ലെപ്പട്ടതെന്ന് യു.പി പൊലീസ് അറിയിച്ചിരുന്നു. നാലു കർഷകർ ഉൾപ്പെടെ എട്ടുപേരാണ് മരിച്ചത്. ഇതിൽ വാഹനത്തിലുണ്ടായിരുന്നവരും ഉൾപ്പെടും.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്രക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് മൂന്ന് വാഹനങ്ങൾ പാഞ്ഞുകയറുകയായിരുന്നു. കോപാകുലരായ സമരക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചിരുന്നു. സമരക്കാർക്ക് നേരെ വെടിയുതിർത്തിരുന്നു. മന്ത്രിയുടെ അകമ്പടിക്കുപോയ സർക്കാർ, സ്വകാര്യ വാഹനങ്ങളാണ് റോഡിലൂടെ പോയ കർഷകരുടെമേൽ കയറിയത്. ഇതിലൊരു കാറിൽ മന്ത്രിയുടെ മകൻ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നും പറയുന്നു. നിലിവിൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.