യു.പി ഇപ്പോൾ 'പുതിയ ജമ്മുകശ്മീർ'; ലഖിംപുർ ഖേരി അക്രമസംഭവങ്ങളിൽ ഉമർ അബ്ദുല്ല
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് ഇപ്പോൾ 'പുതിയ ജമ്മു കശ്മീർ' ആണെന്ന് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല. ലഖിംപുർ ഖേരിയിലെ അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ഞായറാഴ്ച യു.പിയിലെ ലഖിംപുർ ഖേരിയിൽ നടന്ന ആക്രമണത്തിൽ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നാലു കർഷകരും ഒരു പ്രാദേശിക മാധ്യമ പ്രവർത്തകനും ഉൾപ്പെടും. കേന്ദ്രമന്ത്രിയുടെ മകൻ ഓടിച്ചിരുന്ന വാഹനം പാഞ്ഞുകയറി കർഷകർ കൊല്ലപ്പെട്ടതാണ് അക്രമ സംഭവങ്ങളുടെ തുടക്കം.
പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും നേരത്തേ ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. 'മനുഷ്യാവകാശങ്ങളും അന്തസും ഹനിക്കപ്പെടുന്നിടത്തെല്ലാം കേന്ദ്രസർക്കാർ 144 പ്രഖ്യാപിക്കും. തങ്ങളുടെ ജനങ്ങൾക്കിടയിൽപോലും ഇരുമ്പ് മുഷ്ടി പ്രയോഗിക്കാൻ കേന്ദ്രം മടികാണിക്കുന്നില്ല. എന്നാൽ ചൈനീസ് സൈന്യത്തെ അവർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു' -മെഹബൂബ മുഫ്തി പറഞ്ഞു.
2019 മുതലുള്ള ജമ്മു കശ്മീരിലെ അടിച്ചമർത്തലുകൾ മറ്റൊന്നുമായി താരതമ്യം ചെയ്യാൻ കഴിയില്ല. എങ്കിലും എല്ലായിടത്തും ഒരേകാര്യങ്ങൾ തന്നെയാണ് സംഭവിക്കുന്നത്. ജമ്മു കശ്മീരിൽ എന്തു തുടങ്ങിവെച്ചോ അത് മറ്റിടങ്ങളിലേക്കും ഇപ്പോൾ വ്യാപിക്കുന്നു. എപ്പോഴാണ് നമ്മൾ ഇതിനെതിരെ സംസാരിക്കുക -അവർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.