ലഖിംപുർ കൊല: രാഷ്ട്രീയക്കാരെ അകറ്റിയ 'അന്ത്യ പ്രാർഥന' ചടങ്ങിൽ കർഷകർക്ക് ആദരമർപ്പിച്ച് പ്രിയങ്ക
text_fieldsലഖിംപുർ: യു.പിയിലെ ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകർക്കും പത്രപ്രവർത്തകനുംവേണ്ടിയുള്ള അന്ത്യ പ്രാർഥനയുടെ ഭാഗമായി ടിക്കോണിയ ഗ്രാമത്തിൽ നടന്ന കർഷക സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്തു. ചടങ്ങിനു തയാറാക്കിയ വേദിയിൽ ഒരു രാഷ്ട്രീയ പ്രവർത്തകനെയും കയറ്റില്ലെന്ന് സംയുക്ത കിസാൻ മോർച്ച കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ, പ്രിയങ്കയും മറ്റ് കോൺഗ്രസ് നേതാക്കളും ഉച്ചക്ക് ഒരു മണിയോടെ സ്ഥലത്തെത്തി. സമാജ്വാദി പാർട്ടി നേതാക്കളായ രാംപാൽ സിങ് യാദവും ഡോ. ആർ.എ. ഉസ്മാനിയും ആദരാഞ്ജലി അർപ്പിക്കാനെത്തിയവരിൽ ഉൾപ്പെടും.
നേരത്തെ പ്രഖ്യാപിച്ചതുപോലെ ഒരു രാഷ്ട്രീയ നേതാവിനെയും വേദി പങ്കിടാൻ അനുവദിച്ചില്ല. സംയുക്ത കിസാൻ മോർച്ച- ബി.കെ.യു നേതാക്കളായ രാകേഷ് ടികായത്ത്, ദർശൻ സിങ് പാൽ, ജോഗീന്ദർ സിങ് ഉഗ്രൻ, ധർമേന്ദ്ര മാലിക് എന്നിവരും പ്രാദേശിക കർഷക യൂനിയൻ നേതാക്കളും ഗ്രാമത്തിലെത്തിയിരുന്നു. കൊല്ലപ്പെട്ടവർക്ക് 'അന്തിം അർദാസ്' വേളയിൽ അവർ ആദരാഞ്ജലി അർപ്പിച്ചു.
മരിച്ച കർഷകരായ ദൽജീത് സിങ്, ഗുർവീന്ദർസിങ്, നചതർ സിങ്, ലവ്പ്രീത് സിങ്, പത്രപ്രവർത്തകൻ രമൺ കശ്യപ് എന്നിവരുടെ കുടുംബാംഗങ്ങൾ വിശാലമായ മൈതാനത്ത് സജ്ജീകരിച്ച വേദിയിൽ സന്നിഹിതരായിരുന്നു. നൂറു കണക്കിന് കർഷകരാണ് അന്ത്യ പ്രാർത്ഥനക്ക് ഒത്തുകൂടിയത്.
ചടങ്ങ് നടക്കുന്ന സ്ഥലത്തും പരിസരത്തും കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ലഖ്നോ കമീഷണർ, ഐ.ജി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ടിക്കോണിയയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.