രേഖകൾ സംസാരിക്കട്ടെ; കലക്ടർ പറയുന്നത് അവാസ്തവം
text_fieldsകൊച്ചി: പ്രതിരോധ കുത്തിവെപ്പ്, കുറ്റകൃത്യ നിരക്ക് എന്നിവയിൽ ലക്ഷദ്വീപ് ജനതക്കെതിരായ കലക്ടർ അസ്കർ അലിയുടെ വാദങ്ങൾ തള്ളി ഔദ്യോഗികരേഖകൾ. യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുെന്നന്ന കലക്ടറുടെ പ്രസ്താവനയിൽ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. എന്നാൽ, മയക്കുമരുന്ന് കടത്തിയതിന് ഒരു കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് 2020 സെപ്റ്റംബർ 25ന് പുറത്തിറക്കിയ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകെ കേന്ദ്രഭരണ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മയക്കുമരുന്ന് സൂക്ഷിക്കുന്നതിനെതിരായ നിയമപ്രകാരം 5.9, പുകയിലവിരുദ്ധ നിയമപ്രകാരം നാല്, സിഗരറ്റ്-മറ്റ് പുകയിലവിരുദ്ധ നിയമപ്രകാരം ഒന്ന്, മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട നിയമപ്രകാരം 19.1 എന്നിങ്ങനെയാണ് ലക്ഷദ്വീപിൽനിന്നുള്ള കേസ് നിരക്ക്.
മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ നിരക്ക് ഹിമാചൽപ്രദേശിൽ 354.6, ഉത്തർപ്രദേശിൽ 60 എന്നിങ്ങനെയാണ്. ലക്ഷദ്വീപിലെ കേസുകളിൽ വലിയൊരു ശതമാനത്തിലും പ്രതിസ്ഥാനത്ത് ദ്വീപുവാസികളല്ലെന്നതും ശ്രദ്ധേയമാണ്. കലക്ടർ ആരോപണമുന്നയിച്ച കിൽത്താൻ ദ്വീപിലടക്കം 2020 വരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. യാഥാർഥ്യം ഇതായിരിക്കെ ഗുണ്ട ആക്ട് ഏർപ്പെടുത്താൻ എന്ത് സാഹചര്യമാണുള്ളതെന്നാണ് ദ്വീപുവാസികളുടെ ചോദ്യം.
രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ഇവിെട കൊലപാതകവുമില്ല. സ്ത്രീപീഡനം, പീഡനശ്രമം, സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം, ആത്മഹത്യപ്രേരണ, കൊലപാതകശ്രമം, ശിശുഹത്യ, ഭ്രൂണഹത്യ, ആസിഡ് ആക്രമണം, സുരക്ഷ ഭീഷണി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടോ വിവാഹത്തിന് നിർബന്ധിച്ചോ ഉള്ള തട്ടിക്കൊണ്ടുപോകലുകൾ, മനുഷ്യക്കടത്ത്, രാജ്യവിരുദ്ധപ്രവർത്തനം, കലാപം, പൊതുസമാധാനം നശിപ്പിക്കൽ, സ്വത്തുതർക്കം, കുടുംബപ്രശ്നങ്ങൾ എന്നിവയിലും പൂജ്യമാണ് കേസുകൾ.
സ്വത്തുതർക്കങ്ങളോ മറ്റു കുടുംബപ്രശ്നങ്ങളോ രജിസ്റ്റർ ചെയ്തിട്ടില്ല. മോഷണം, കൊള്ള, പിടിച്ചുപറി തുടങ്ങി മോഷണ ഗൂഢാലോചനപോലും ഒരാൾക്കെതിരെയും ചുമത്തിയിട്ടില്ല. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഒരാൾക്കെതിരെ കേസുണ്ട്. കഠിനമോ അല്ലാതെയോ ഉള്ള മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചതിന് കേസ് നിരക്ക് 30 ആണ്.
വാക്സിനുണ്ടെന്ന് കലക്ടർ;നൽകിയത് ഏഴായിരം
എല്ലാവർക്കുമുള്ള കോവിഡ് വാക്സിൻ ലക്ഷദ്വീപിലുണ്ടെന്ന് വാർത്തസമ്മേളനത്തിൽ അവകാശപ്പെടുന്ന കലക്ടർ എന്തുകൊണ്ട് അത് പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നതിെനക്കുറിച്ച് മൗനംപാലിക്കുെന്നന്ന് ലക്ഷദ്വീപിലെ ജനപ്രതിനിധികളടക്കം ചോദിക്കുന്നു. കേരളത്തിൽ ശനിയാഴ്ച വരെ 20.24 ലക്ഷം പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയപ്പോൾ അറുപത്തയ്യായിരം മാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപിൽ 6941 പേർക്ക് മാത്രമാണ് നൽകിയത്. കേരളത്തിൽ 70.21 ലക്ഷം പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകിയപ്പോൾ ലക്ഷദ്വീപിൽ 24,725 പേർക്കാണ് നൽകിയത്. ജനുവരി പകുതി വരെ ഒരു കോവിഡ് കേസുപോലും ഇല്ലാതിരുന്ന ലക്ഷദ്വീപിൽ പൂർണമായി വാക്സിൻ വിതരണം ചെയ്യാൻ എളുപ്പമായിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്ററെത്തി കോവിഡ് നിയന്ത്രണം മാറ്റിയതാണ് കേസുകൾ വർധിക്കാൻ ഇടയായതെന്നാണ് ആരോപണം.
അനധികൃതമല്ല ഷെഡുകൾ
മത്സ്യത്തൊഴിലാളികൾ അനധികൃതമായി തീരത്ത് സ്ഥാപിച്ച ഷെഡുകൾ പൊളിച്ചുമാറ്റിയെന്നാണ് കലക്ടറുടെ വാദം. എന്നാൽ, സുപ്രീംകോടതി അംഗീകരിച്ച സംയോജിത ദ്വീപ് മാനേജ്മെൻറ് പ്ലാൻ പ്രകാരം തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക അവകാശമുണ്ട്. വർഷങ്ങളായി അവർ ഉപയോഗിക്കുന്ന സ്ഥലത്തെത്തി അതിക്രമിച്ച് ഷെഡ് പൊളിച്ചുകളഞ്ഞ നടപടി ന്യായീകരിക്കാനാകില്ല.
കോവിഡ് ലോക്ഡൗൺ നിയന്ത്രണം ശക്തമാക്കിയശേഷം രാത്രിയിലാണ് ഇത് പൊളിച്ചത്. തീരസംരക്ഷണ നിയമം പറഞ്ഞ് ഷെഡുകൾ പൊളിച്ച ഭരണകൂടം അതേ സ്ഥലത്തുകൂടിയാണ് 12 മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ പദ്ധതിയിടുന്നതെന്നതാണ് വിരോധാഭാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.