ലക്ഷദ്വീപ് മെഡിക്കൽ ഡയറക്ടറെ തരംതാഴ്ത്തി
text_fieldsകൊച്ചി: ലക്ഷദ്വീപ് മെഡിക്കൽ ഡയറക്ടറെ തരംതാഴ്ത്തി ആരോഗ്യവകുപ്പ് ജോയൻറ് സെക്രട്ടറിയുടെ ഉത്തരവ്. മെഡിക്കൽ ഡയറക്ടറായ ഡോ.എം.കെ. സൗദാബിയെ ആന്ത്രോത്ത് സി.എച്ച്.സി ചീഫ് മെഡിക്കൽ ഓഫിസറായും ആന്ത്രോത്ത് ചീഫ് മെഡിക്കൽ ഓഫിസറായ ഡോ.എം.പി. ബഷീറിനെ മെഡിക്കൽ ഡയറക്ടറുമായാണ് നിയമിച്ചത്. ബി.ജെ.പി പ്രവർത്തകനായ സൗദാബിയുടെ ഭർത്താവ് ജാഫർ ഷാ സേവ് ലക്ഷദ്വീപ് ഫോറത്തെ അനുകൂലിച്ച് സംസാരിച്ചതും ആരോഗ്യവകുപ്പിൽനിന്ന് ചിലരെ പിരിച്ചുവിടാൻ നിർദേശം ലഭിച്ചിട്ടും കോവിഡ് പശ്ചാത്തലത്തിൽ സൗദാബി അതിന് തയാറാകാത്തതുമാണ് നടപടിക്ക് കാരണം. പുതിയ ഹെൽത്ത് ഡയറക്ടറെക്കാളും സീനിയറായ ഡോക്ടർമാർ ഉണ്ടായിട്ടാണ് ജൂനിയറായ ഡോക്ടറെ ഡയറക്ടറായി നിയമിച്ചതെന്നും ദ്വീപുവാസികൾ ആരോപിച്ചു.
ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ജനുവരി 21നാണ് അഗത്തി അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന സൗദാബിയെ മെഡിക്കൽ ഡയറക്ടറായി നിയമിച്ചത്. ലക്ഷദ്വീപിൽ മെഡിക്കൽ ഓഫിസർമാർക്ക് മെഡിക്കൽ ഡയറക്ടറുടെ പ്രത്യേക ചുമതല നൽകിയാണ് നിയമിക്കുന്നത്.
ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് നൽകിയതിന് എതിരായി സൗദാബിയുടെ ഭർത്താവ് വാട്ട്സ്ആപ് ഗ്രൂപ്പിൽ പ്രതികരിച്ചത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബയോവെപൺ എന്ന പരാമർശം രാജ്യദ്രോഹക്കുറ്റമാണോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇത്തരത്തിൽ ഒരു കേസെടുത്തത് എങ്ങനെ സംഭവിെച്ചന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേസ് നൽകിയത് പിൻവലിക്കണമെന്നാണ് തെൻറ വ്യക്തിപരമായ അഭിപ്രായം. ഏതെങ്കിലും രീതിയിൽ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഡോ. എം.കെ. സൗദാബിയും ഭർത്താവ് ജാഫർ ഷായും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.