കോവിഡുകാലത്തും ലക്ഷദ്വീപിലെ ആരോഗ്യപ്രവർത്തകർക്ക് ശമ്പളമില്ല
text_fieldsകൊച്ചി: കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധികൾ വകവെക്കാതെ രാപ്പകൽ പണിയെടുത്തിട്ടും ലക്ഷദ്വീപിലെ ആരോഗ്യപ്രവർത്തകർക്ക് മൂന്നുമാസമായി ശമ്പളമില്ല. ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധമുയരുന്നതിനിടെയാണ് കൂടുതൽ പരിഗണന അർഹിക്കുന്ന ആരോഗ്യപ്രവർത്തകർക്കുനേരെയും നീതിനിഷേധമുണ്ടാകുന്നത്.
നാഷനൽ ഹെൽത്ത് മിഷന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർ, ഫാർമസിസ്റ്റുകൾ, എ.എൻ.എം, ലാബ് ടെക്നീഷൻ, ഒഫ്താൽമിക് അസിസ്റ്റൻറ്, ഡെൻറൽ മെക്കാനിക്, റീഹാബിലിറ്റേഷൻ വർക്കർ, ഡ്രൈവർമാർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്ന നൂറിലധികം പേരാണ് ശമ്പളമില്ലാതെ ദുരിതത്തിലായത്. പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട മറ്റൊരു വിഭാഗം നഴ്സുമാർ ശമ്പളവർധന ആവശ്യപ്പെട്ട് നവംബർ രണ്ടിന് കറുത്ത റിബൺ കെട്ടി സമരം ചെയ്തിരുന്നു. ഡിസംബർ 21ന് തുടർ സമരവും നടത്തി. അതിനുേശഷം നിയമനടപടികളിലേക്ക് പോയ അവർ അദാലത്തിലൂടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന ഉത്തരവും സമ്പാദിച്ചു.
എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും അത് നടപ്പാക്കാത്തതിൽ പ്രതിഷേധം ആരംഭിക്കാനിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇതിനിടെ, പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളിൽനിന്ന് പിരിച്ചുവിടലടക്കം പ്രതികാരനടപടികളും ആരംഭിച്ചു. പ്രതിഷേധിച്ചാൽ പിരിച്ചുവിടുമെന്ന ഭീഷണിയുണ്ടെന്നും അവർ പറയുന്നു. ഈ സാഹചര്യങ്ങൾ മുന്നിൽനിൽക്കുമ്പോൾ മുടങ്ങിയ ശമ്പളം നൽകണമെന്ന ആവശ്യമുയർത്തിയാൽ തങ്ങൾക്കും നടപടി നേരിടേണ്ടിവരുമെന്ന ഭയമാണ് എൻ.എച്ച്.എമ്മിലെ ആരോഗ്യപ്രവർത്തകർക്കുള്ളത്.
ഫണ്ട് ലഭ്യമാകാത്തതിനാലാണ് ശമ്പളം വൈകുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ മറുപടി പറയുന്നു. കവരത്തി ദ്വീപിലാണ് ശമ്പളത്തിനുള്ള തുക ആദ്യമായി എത്തുന്നത്. അവിടുത്തെ ആരോഗ്യപ്രവർത്തകർക്ക് വിതരണം ചെയ്ത േശഷം മറ്റുദ്വീപുകളിലേക്കും തുക എത്തിക്കുകയാണ് രീതി. എന്നാൽ, ഏറെ നാളുകളായി ഇതൊന്നും നടക്കുന്നില്ലെന്നും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.