ഈ നിമിഷത്തിനാണ് ഞാൻ കാത്തിരുന്നത്; അവസാനം നീതി ദേവത കൺതുറന്നു - ചന്ദ്രബാബു നായിഡുവിന്റെ വീഴ്ച ആഘോഷിച്ച് എൻ.ടി.ആറിന്റെ ഭാര്യ ലക്ഷ്മി പാർവതി
text_fieldsഹൈദരാബാദ്: മരുമകനും ടി.ഡി.പി നേതാവും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ വീഴ്ച ആഘോഷമാക്കി എൻ.ടി.ആറിന്റെ ഭാര്യ ലക്ഷ്മി പാർവതി. തെലുഗു ദേശം പാർട്ടി(ടി.ഡി.പി)സ്ഥാപകനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ.ടി. രാമറാവുവിന്റെ സമാധിയിലെത്തി ലക്ഷ്മി പാർവതി പ്രാർഥന നടത്തി. ഹുസൈൻ സാഗർ തടാകത്തിലെ എൻ.ടി.ആർ സ്മാരകത്തിൽ ലക്ഷ്മി പാർവതി പുഷ്പാർച്ചന നടത്തി. വൈ.എസ്.ആർ കോൺഗ്രസ് പാർട്ട് നേതാവും ആന്ധ്രപ്രദേശ് തെലുഗു ആൻഡ് സാൻസ്ക്രിറ്റ് അക്കാദമി ചെയർപേഴ്സണുമാണ് ലക്ഷ്മി പാർവതി.
കഴിഞ്ഞ ദിവസം വിജയ വാഡ കോടതിയാണ് ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് അദ്ദേഹത്തെ തിങ്കളാഴ്ച രാവിലെയോടെ രാജമുൻഡ്രി സെൻട്രൽ ജയിലിലേക്ക് മാറ്റി. സ്കിൽ ഡെവലപ്മെന്റ് അഴിമതിക്കേസിലാണ് ചന്ദ്രബാബു നായിഡു അറസ്റ്റിലായത്.
''കോടതിയുത്തരവ് എന്തായിരിക്കുമെന്ന ആശങ്ക മൂലം കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ പോലും സാധിച്ചിട്ടില്ലെന്ന് ലക്ഷ്മി പാർവതി തെലുങ്ക് മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് കാലമായി കാത്തിരുന്ന നിമിഷമാണിത്. അവസാനം നീതിയുടെ ചെറുതിരിവെട്ടം പരന്നു. ഈ വഞ്ചകർ നീതിയുടെ ദൈവത്തെ പൂട്ടിയിട്ടിരിക്കുന്നു എന്ന തോന്നൽ ഏറെ കാലമായി ഉള്ളിലുണ്ടായിരുന്നു. എന്നാൽ ഇന്ന് ഞാൻ സന്തോഷവതിയാണ്.''- ലക്ഷ്മി പാർവതി പറഞ്ഞു.
നടനും രാഷ്ട്രീയ നേതാവുമായ എൻ.ടി രാമറാവുവിന്റെ രണ്ടാം ഭാര്യയാണ് ലക്ഷ്മി പാർവതി. 1993ലാണ് താൻ പാർവതിയെ വിവാഹം കഴിച്ചതെന്ന കാര്യം എൻ.ടി.ആർ തന്റെ ആത്മകഥയിൽ സൂചിപ്പിക്കുന്നുണ്ട്.
1995 ജനുവരി 18നാണ് എൻ.ടി.ആർ ഹൃദയാഘാതം മൂലം അന്തരിച്ചത്. ചന്ദ്രബാബു നായിഡു അട്ടിമറിയിലൂടെ മുഖ്യമന്ത്രിയായതിനു പിന്നാലെയായിരുന്നു അത്. പാർട്ടിയിലും ഭരണത്തിലും പാർവതി ഇടപെടുന്നതിൽ നായിഡുവും എൻ.ടി.ആറിന്റെ ആദ്യഭാര്യയിലെ മക്കളും രോഷാകുലരായിരുന്നു. എൻ.ടി.ആറിന്റെ മരണത്തോടെയാണ് പാർവതി രാഷ്ട്രീയത്തിലേക്ക് വരുന്നത്. എൻ.ടി.ആറിന്റെ മരണത്തിന് കാരണക്കാരനെന്ന് കരുതുന്ന നായിഡുവിന്റെ പതനമാണ് തന്റെ ലക്ഷ്യമെന്ന് പലപ്പോഴും പാർവതി പലപ്പോഴും പറഞ്ഞിരുന്നു.
2004ൽ നായിഡുവിന്റെ തെരഞ്ഞെടുപ്പ് പരാജയവും പാർവതി ആഘോഷിച്ചിരുന്നു. അന്ന് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസാണ് നായിഡുവിനെ പരാജയപ്പെടുത്തിയത്. 2012ൽ പാർവതി വൈഎസ്ആറിന്റെ മകൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ അവർ വൈ.എസ്.ആർ.സി.പിയിൽ ചേർന്നു. 2019ൽ ടി.ഡി.പിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് വൈ.എസ്.ആർ.സി.പി ആന്ധ്രപ്രദേശിൽ അധികാരത്തിൽവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.