ലാൽഡുഹോമ: ഇന്ദിരയുടെ അംഗരക്ഷകനിൽനിന്ന് മുഖ്യമന്ത്രിപദത്തിലേക്ക്
text_fieldsഐസോൾ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ അംഗരക്ഷകൻ, കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ എം.പി... മിസോറമിൽ മുഖ്യമന്ത്രിപദത്തിലേക്ക് ചുവടുവെക്കുന്ന സോറം പീപ്ൾസ് മൂവ്മെന്റ് സ്ഥാപക നേതാവ് ലാൽഡുഹോമക്ക് വിശേഷണങ്ങൾ ഏറെയാണ്. മൂന്ന് പതിറ്റാണ്ടായി കോൺഗ്രസിന്റെ ലാൽ തൻഹവ്ലയും മിസോ നാഷനൽ ഫ്രണ്ടിന്റെ സൊറാംതങ്കയും മാറിമാറി അലങ്കരിച്ചിരുന്ന മുഖ്യമന്ത്രിക്കസേരയിൽ ചരിത്രവിജയം നേടി 73കാരനായ ലാൽഡുഹോമ ഇരിപ്പുറപ്പിക്കാനൊരുങ്ങുകയാണ്.
ഇന്ദിര ഗാന്ധിയുടെ അംഗരക്ഷകനായിരിക്കെ ഇന്ത്യൻ പൊലീസ് സർവിസിൽനിന്ന് രാജിവെച്ച് 1984ലാണ് ലാൽഡുഹോമ രാഷ്ട്രീയത്തിലിറങ്ങുന്നത്. കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും 846 വോട്ടിന് പരാജയപ്പെട്ടു. അതേവർഷം കോൺഗ്രസ് സ്ഥാനാർഥിയായി ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നേതാവും മിസോറം മുഖ്യമന്ത്രിയുമായിരുന്ന ലാൽ തൻഹവ്ലക്കെതിരെ ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് 1986ൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു. 1988ൽ അയോഗ്യനാക്കിയതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി നേരിട്ട ആദ്യ എം.പിയായി.
2018ൽ സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭയിലേക്ക് വിജയിച്ച് പ്രതിപക്ഷ നേതാവായി. എന്നാൽ, സ്വതന്ത്ര സ്ഥാനാർഥി സൊറാം പീപ്പിൾസ് മൂവ്മെന്റിന്റെ പരിപാടികളിൽ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി 12 മിസോ നാഷനൽ ഫ്രണ്ട് എം.എൽ.എമാർ പരാതി നൽകിയതിനെതുടർന്ന് 2020ൽ അദ്ദേഹത്തെ നിയമസഭയിൽനിന്ന് അയോഗ്യനാക്കി. മിസോറമിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടുന്ന ആദ്യ എം.എൽ.എയെന്ന പദവിയും അദ്ദേഹത്തെ തേടിയെത്തി. എന്നാൽ, 2021ൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും എം.എൽ.എയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.