കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം
text_fieldsറാഞ്ചി: 139 കോടിയുടെ കാലിത്തീറ്റ കുംഭകോണക്കേസിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) തലവൻ ലാലു പ്രസാദ് യാദവിന് ഝാർഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിച്ചു. ഡൊറൻഡ ട്രഷറിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിവിധി.
ഡൊറൻഡ ട്രഷറിയിൽനിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയിൽ പിൻവലിച്ചെന്നാണ് ലാലുവിനെതിരായ കേസ്. കേസിൽ കഴിഞ്ഞ ഫെബ്രുവരി 22ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി അഞ്ചുവർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണത്തിൽ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്.
അഞ്ച് വർഷ തടവിന്റെ പകുതി കാലാവധി പൂർത്തിയാക്കിയതും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പരിഗണിച്ചാണ് ഝാർഖണ്ഡ് ഹൈകോടതി 73കാരനായ ലാലുവിന് ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രഭാത് കുമാർ പറഞ്ഞു. ഒരു ലക്ഷം രൂപ ജാമ്യത്തുകയും പിഴയായി 10 ലക്ഷം രൂപയും കെട്ടിവെക്കണം. ഹൈകോടതി തീരുമാനം ചൊവ്വാഴ്ച കീഴ്ക്കോടതിയിലേക്ക് എത്തുമെന്നും ജാമ്യത്തുകയും പിഴയും കെട്ടിവെച്ച ശേഷം ലാലു ഉടൻ പുറത്തിറങ്ങുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്. സർക്കാർ ട്രഷറികളിൽനിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. 1990കളിലാണ് കുംഭകോണം നടന്നത്.
കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ 14 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഡൊറൻഡ ട്രഷറിയിൽനിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയിൽ പിൻവലിച്ച അഞ്ചാമത്തെ കേസിലാണ് ഇപ്പോൾ കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്. 1996ൽ ഒരു മൃഗാരോഗ്യ കേന്ദ്രത്തിൽ നടന്ന റെയ്ഡിലാണ് കുംഭകോണം പുറത്തുവന്നത്. മൊത്തം 950 കോടിയുടെ തട്ടിപ്പാണ് നടന്നത്. ആദ്യ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ ജാമ്യത്തിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.