കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നര വർഷം തടവ്
text_fieldsറാഞ്ചി: ലാലുപ്രസാദ് യാദവിന് വീണ്ടും ജയിൽ. കാലിത്തീറ്റ കുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുവിന് റാഞ്ചിയിലെ പ്രത്യേക സി.ബി.െഎ കോടതി മൂന്നര വർഷം തടവും പത്തുലക്ഷം രൂപ പിഴയും വിധിച്ചു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതിവിരുദ്ധനിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. രണ്ടുവകുപ്പുകളിലായാണ് അഞ്ചുലക്ഷം രൂപ വീതം പിഴ. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.
ബിർസമുണ്ട ജയിലിലിരുന്ന് വിഡിയോ േകാൺഫറൻസിലൂടെയാണ് ലാലു, ജഡ്ജി ശിവ്പാൽ സിങ്ങിെൻറ ശിക്ഷപ്രഖ്യാപനം കേട്ടത്. ഝാര്‍ഖണ്ഡ് ഹൈകോടതിയിൽ ജാമ്യഹരജി നൽകുമെന്ന് ലാലുവിെൻറ അഭിഭാഷകനും മകൻ തേജസ്വി യാദവും അറിയിച്ചു. ജാമ്യം ലഭിച്ചില്ലെങ്കിൽ 69കാരനായ ലാലുവിന് ജയിലിൽ കഴിയേണ്ടിവരും. ആരോഗ്യകാരണങ്ങളാൽ കുറഞ്ഞ ശിക്ഷ നൽകണമെന്ന് ലാലു അഭ്യർഥിച്ചിരുന്നു. മൂന്നുവർഷത്തിൽ കുറവ് ശിക്ഷയാണെങ്കിൽ വിചാരണകോടതിയിൽനിന്നുതന്നെ ജാമ്യത്തിൽ പുറത്തിറങ്ങാമായിരുന്നു.
കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ മറ്റ് 15 പ്രതികൾക്ക് മൂന്നര മുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിച്ചു. മുൻ െഎ.എ.എസ് ഒാഫിസർമാരായ ഫൂൽചന്ദ് സിങ്, മഹേഷ് പ്രസാദ്, ബാകേ ജൂലിയസ്, ഉന്നത ഉദ്യോഗസ്ഥരായ സുനിൽകുമാർ, സുശീൽകുമാർ, സുധീർകുമാർ, രാജ റാം എന്നിവർക്ക് മൂന്നരവർഷം തടവും അഞ്ചുലക്ഷം രൂപ വീതം പിഴയും ജഗ്ദീഷ് ശർമക്ക് ഏഴുവർഷം തടവും 10 ലക്ഷം പിഴയും വിധിച്ചു. കുംഭകോണം പുറത്തുവന്ന് 21 വർഷത്തിനുശേഷമാണ് വിധി. 1991-94 കാലത്ത് വ്യാജബിൽ നൽകി ദിയോഹർ ജില്ലട്രഷറിയിൽനിന്ന് 89.27 ലക്ഷം രൂപ പിൻവലിച്ചെന്ന കേസിൽ ലാലു അടക്കമുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ഡിസംബർ 23ന് വിധിച്ചിരുന്നു.
മൂന്നുകേസുകൂടി ലാലുവിനെതിരെയുണ്ട്. ദുംക ട്രഷറിയിൽനിന്ന് 3.97 കോടിയും ചൈബാസ ട്രഷറിയിൽനിന്ന് 36 കോടിയും ദൊരാണ്ട ട്രഷറിയിൽനിന്ന് 184 കോടിയും അനധികൃതമായി പിൻവലിച്ചതാണ് ഇൗ കേസുകൾ. ഝാര്‍ഖണ്ഡിലെ സിങ്ങ്ഭൂം ജില്ലയിലെ ചായിബാസ ട്രഷറിയില്‍ നിന്ന് 37.5 കോടി തട്ടിയെന്ന ആദ്യ കേസിൽ, 2013ൽ അഞ്ചുവർഷം കഠിനതടവിനും 25 ലക്ഷം രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട ലാലുവിനെ ലോക്സഭതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. 87 ദിവസം ജയിലിൽ കഴിഞ്ഞ അദ്ദേഹം സുപ്രീംകോടതി ജാമ്യം നൽകിയതോടെയാണ് പുറത്തിറങ്ങിയത്.
1990-97 കാലത്ത് ലാലുപ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണവകുപ്പ് നടത്തിയ 950 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. കാലിത്തീറ്റയും മരുന്നുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിെൻറ വ്യാജ ബിൽ ഹാജരാക്കി ട്രഷറികളിൽനിന്ന് പണം പിൻവലിച്ചെന്നാണ് ആരോപണം.
കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുണ്ട്. 44 എണ്ണത്തിലായി 500 പേർക്ക് ശിക്ഷ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.