ആരോഗ്യനില വഷളായി; ലാലു പ്രസാദിനെ ഡൽഹി എയിംസിലേക്ക് മാറ്റി
text_fieldsറാഞ്ചി: ആരോഗ്യനില വഷളായതിനെ തുടർന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റി. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു. ഹൃദയത്തിലും വൃക്കയിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റിയത്.
കാലിത്തീറ്റ കുംഭകോണക്കേസിൽ യാദവിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ജാർഖണ്ഡ് ഹൈക്കോടതി മാർച്ച് 11ൽ നിന്ന് ഏപ്രിൽ ഒന്നിലേക്ക് മാറ്റിയിരുന്നു. നേരത്തെ, കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിൽ ലാലു പ്രസാദിന് സി.ബി.ഐ കോടതി അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
ഫെബ്രുവരി 15ന് ഡോറണ്ട ട്രഷറിയിൽനിന്ന് 139.35 കോടി രൂപ അനധികൃതമായി പിൻവലിച്ചതിന് ലാലു കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് തെളിഞ്ഞു.
1996 ജനുവരിയിൽ ചൈബാസ ഡെപ്യൂട്ടി കമീഷണർ അമിത് ഖാരെ മൃഗസംരക്ഷണ വകുപ്പിൽ നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.