ആർ.എസ്.എസിനെതിരെ പോരാടുന്നതിനാലാണ് ലാലു പ്രസാദിന് ജയിൽവാസം അനുഭവിക്കേണ്ടി വരുന്നത് -തേജസ്വി യാദവ്
text_fieldsബീഹാർ: ബി.ജെ.പിയുമായി കൈകോർക്കാൻ വിസമ്മതിച്ചത് കൊണ്ടാണ് തന്‍റെ പിതാവിനെ കേന്ദ്രം ലക്ഷ്യം വെക്കുന്നതെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവ് പറഞ്ഞു. അവസാനമായുണ്ടായിരുന്ന കാലിത്തീറ്റ കുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് സി.ബി.ഐ കോടതി അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും ചുമത്തിയതിന് പിന്നാലെയാണ് മകന്‍റെ പ്രതികരണം.
ലാലു പ്രസാദ് ആർ.എസ്.എസ്- ബി.ജെ.പിക്ക് എതിരെയാണ് പോരാടുന്നതെന്നും ആ കാരണത്താലാണ് അദ്ദേഹം ജയിൽവാസം അനുഭവിക്കേണ്ടി വരുന്നതെന്നും ഇത് കണ്ട് ഞങ്ങളാരും ഭയപ്പെടില്ലെന്നും തേജസ്വി പറഞ്ഞു. താനൊരിക്കലും ബി.ജെ.പിക്ക് മുമ്പിൽ തലകുനിക്കില്ലെന്ന് ലാലുജി മുമ്പ് പറഞ്ഞതായി തേജസ്വി കൂട്ടിച്ചേർത്തു.
ലാലു പ്രസാദ് യാദവിന്റെ കേസിന് പിന്നാലെ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി തുടങ്ങിയ അഴിമതിക്കാരെ സി.ബി.ഐ മറന്നതായി വിധിയെ കുറ്റപ്പെടുത്തി തേജസ്വി യാദവ് പറഞ്ഞു. കാലിത്തീറ്റ കുംഭകോണം ഒഴികെ രാജ്യത്ത് മറ്റൊരു അഴിമതിയും നടന്നിട്ടില്ലെന്നാണ് തോന്നുന്നതെന്നും, ബിഹാറിൽ ഏകദേശം 80ലധികം അഴിമതികൾ നടന്നെങ്കിലും സി.ബി.ഐ, ഇ.ഡി, എൻ.ഐ.എ എന്നിവരെല്ലാം എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
സി.ബി.ഐ കോടതിയുടെ വിധിക്ക് പിന്നാലെ ഹൈകോടതിയിൽ അപ്പീൽ പോകുമെന്ന് പറഞ്ഞ തേജസ്വി യാദവ്, ഹൈകോടതിയും സുപ്രീം കോടതിയും ഇപ്പോഴുമുണ്ടെന്നും മേൽക്കോടതികളിലെ വിധി അദ്ദേഹത്തിന് അനുകൂലമാകുമെന്ന് വിശ്വസിക്കുന്നതായും കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെയും ബിഹാറിലെയും ജനങ്ങൾ ലാലുവിനോട് ബി.ജെ.പി പെരുമാറുന്ന രീതി നിരീക്ഷിക്കുന്നുണ്ട്. ഇതിന് യു.പിയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ ഉത്തരം നൽകുമെന്നും തേജ്വസി പറഞ്ഞു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് അഞ്ചു കേസുകളാണ് ലാലുവിനെതിരെ ഉണ്ടായിരുന്നത്. ഇതിലെ അവസാന കേസിലാണ് റാഞ്ചിയിലെ സി.ബി.ഐ കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചത്.
നേരത്തെ നാലു കേസുകളിൽ ലാലുവിനെതിരെ ശിക്ഷ വിധിച്ചിരുന്നു. മൂന്നുവർഷത്തിലധികം ജയിൽ ശിക്ഷയനുഭവിച്ച ലാലു ഇപ്പോൾ ജാമ്യത്തിലാണ്. മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ കാലിത്തീറ്റ വിതരണം ചെയ്തെന്ന് കാണിച്ച് 950 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.