ലാലുവിന് വൃക്ക നൽകിയ മകൾ രോഹിണി ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന്?
text_fieldsപട്ന: ലാലുപ്രസാദിന്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയത്തിലിറങ്ങുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സരൺ സീറ്റിൽനിന്നാണ് രോഹിണി കന്നിയങ്കത്തിനിറങ്ങുക എന്നാണ് റിപ്പോർട്ട്. ലാലുവിന് ചികിത്സ സമയത്ത് വൃക്ക നൽകിയത് രോഹിണിയാണ്.
44 കാരിയായ രോഹിണി കൂടി വരുന്നതോടെ ബിഹാർ മുൻമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുവിന്റെ ഒമ്പതു മക്കളിൽ നാലുപേർ രാഷ്ട്രീയത്തിൽ സജീവമാകും. രോഹിണിയുടെ സഹോദരൻ തേജസ്വി യാദവ് ബിഹാർ പ്രതിപക്ഷ നേതാവും ആർ.ജെ.ഡി ചെയർപേഴ്സണുമാണ്. മറ്റ് സഹോദരങ്ങളായ തേജ് പ്രതാപ് എം.എൽ.എയും മിഷ ഭാരതി രാജ്യസഭ അംഗവുമാണ്.
സരൺ സീറ്റ് നിലവിൽ ബി.ജെ.പിയുടെ രാജീവ് പ്രതാപ് റുഡിയും കൈവശമാണ്. ഈ മണ്ഡലത്തിൽ മുമ്പ് ലാലു പ്രസാദും മത്സരിച്ചിരുന്നു.
പ്രഫഷൻ കൊണ്ട് ഡോക്ടറാണ് രോഹിണി. സോഫ്റ്റ് എൻജിനീയറായ സംരേഷ് സിങ് ആണ് ഭർത്താവ്. കഴിഞ്ഞ കുറെകാലമായി രോഹിണിയും ഭർത്താവും സിംഗപ്പൂരിലും യു.എസിലുമാണ് താമസിക്കുന്നത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ രോഹിണി 2022ൽ ലാലുവിന് വൃക്ക നൽകിയതോടെയാണ് മാധ്യമങ്ങളിൽ ഇടംപിടിച്ചത്. രോഹിണിയുടെ പ്രവൃത്തിയെ എതിരാളികളായ ബി.ജെ.പി നേതാക്കൾ പോലും പ്രകീർത്തിച്ചിരുന്നു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രോഹിണി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അത് സംഭവിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.