ലാലുവിന്റെ രണ്ട് പെൺമക്കളും ഇത്തവണ മത്സരിക്കും: 22 ലോക്‌സഭാ സീറ്റിൽ ആർ.ജെ.ഡി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
text_fieldsപട്ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിൻ്റെ രണ്ട് പെൺമക്കളായ രോഹിണി ആചാര്യയും മിസ ഭാരതിയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. ബിഹാറിൽ മത്സരിക്കുന്ന 23 ലോക്‌സഭാ സീറ്റിൽ ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും ആർ.ജെ.ഡി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഈ പട്ടികയിലാണ് പാർട്ടി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ പെൺമക്കളായ രോഹിണി ആചാര്യയും മിസ ഭാരതിയും ഇടം പിടിച്ചത്.
സരണിലാണ് രോഹിണി ആചാര്യ മത്സരത്തിനൊരുങ്ങുന്നത്. സിങ്കപ്പൂരിൽ സ്ഥിരതാമസമായിരുന്ന രോഹിണിയാണ് ഒരുവർഷംമുമ്പ് ലാലുവിന് വൃക്കനൽകിയത്. സിറ്റിങ് എം.പിരാജീവ് പ്രതാപ് റൂഡിയാണ് സരണിൽ രോഹിണിയുടെ എതിരാളി. 2013-ൽ കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാകുന്നതുവരെ ലാലു ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നു.
മിസ ഭാരതി പാടലീപുത്രയിൽനിന്നുമാണ് ജനവിധി തേടുന്നത്. നേരത്തേ രണ്ടുതവണ ഇവിടെനിന്ന് മത്സരിച്ചെങ്കിലും തോൽക്കുകയായിരുന്നു. ബിഹാറിലെ ആകെയുള്ള 40 സീറ്റുകളിൽ 26 സീറ്റുകൾ ആർജെഡിക്കും ഒമ്പത് സീറ്റുകൾ കോൺഗ്രസിനും അഞ്ച് ഇടത് പാർട്ടികൾക്കും അനുവദിച്ചു. ബിഹാറിലെ 40 സീറ്റുകളിലേക്കുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.