മോദിക്ക് സ്വന്തമായി കുടുംബമില്ലാത്തതിൽ നാം എന്തു പിഴച്ചു; പരിഹാസവുമായി ലാലു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. പട്നയിൽ നടന്ന പ്രതിപക്ഷ സംഗമത്തിലായിരുന്നു ലാലുവിന്റെ പരിഹാസം. നരേന്ദ്രമോദിക്ക് സ്വന്തമായി ഒരു കുടുംബമില്ലാത്തതിൽ നമുക്കെന്ത് ചെയ്യാൻ കഴിയും എന്നായിരുന്നു ലാലുവിന്റെ ചോദ്യം. അദ്ദേഹമാണ് കുടുംബാധിപത്യ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നത്. രാമക്ഷേത്രത്തെ കുറിച്ച് വീമ്പിളക്കുകയാണ് പ്രധാനമന്ത്രി. അദ്ദേഹം ഒരു യഥാർഥ ഹിന്ദുവല്ല. സ്വന്തം മാതാപിതാക്കൾ മരണപ്പെട്ടാൽ ആൺമക്കൾ തല മുണ്ഡനം ചെയ്യണമെന്നും താടിവടിക്കണമെന്നുമാണ് ഹിന്ദു പാരമ്പര്യം. എന്നാൽ സ്വന്തം അമ്മമരിച്ചപ്പോൾ മോദി അങ്ങനെ ചെയ്തിട്ടില്ലെന്നും ലാലു ആരോപിച്ചു.
ഇതിനു മറുപടിയുമായി ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ മോദിയുടെ കുടുംബം എന്ന് പോസ്റ്റ് ചെയ്താണ് ബി.ജെ.പിയുടെ ഉന്നത നേതാക്കളടക്കം എത്തിയത്. കേന്ദ്രമന്ത്രി അമിത് ഷാ, ജെ.പി നദ്ദ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, നിതിൻ ഗഡ്കരി, അനുരാഗ് താക്കൂർ എന്നിവരുടെ എക്സ് പ്ലാറ്റ്ഫോമുകളിൽ മോദി കാ പരിവാർ എന്നാണ് പേരിനു സമീപം ബ്രായ്ക്കറ്റിൽ ചേർത്തിരിക്കുന്നത്. മുതിർന്ന ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാൻ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പുഷ്‍കർ സിങ് ധാമി എന്നിവരും ഈ കാമ്പയിനിൽ അണിനിരന്നിട്ടുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ യൂസർനെയിം എഡിറ്റ് ചെയ്ത് 'മോദി കാ പരിവാർ' എന്നു ചേർത്തിരിക്കുകയാണ്.
ലാലുവിന്റെ മോദിക്കെതിരായ പരാമർശം കുറ്റകരവും അവഹേളിക്കുന്നതുമാണെന്ന് കഴിഞ്ഞ ദിവസം ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ പ്രതികരിച്ചിരുന്നു. ലാലുവിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ മനസാണ് പ്രതിനിധീകരിക്കുന്നത്. ആർ.ജെ.ഡിക്കാർ സനാതന ധർമത്തിന് എതിരാണ്. നൂറ്റാണ്ടുകളായുള്ള നമ്മുടെ പാരമ്പര്യം തകർക്കാൻ ശ്രമിക്കുകയാണവരെന്നും ബി.ജെ.ബി നേതാവ് കുറ്റപ്പെടുത്തി.
തങ്ങളും മോദിയുടെ കുടുംബമാണെന്ന് രാജ്യമൊന്നടങ്കം ഒരേ ശബ്ദത്തിൽ പറയുന്നുവെന്നാണ് ഇന്ന് തെലങ്കാനയിലെ ആദിലാബാദിൽ നടന്ന പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചത്. നിങ്ങളെല്ലാവരും മോദിയാണെന്നും മോദി നിങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് ബി.ജെ.പി നേതാക്കളുടെ കാമ്പയിൻ.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് 'മേം ബി ചൗകിദാർ ഹൂം' എന്ന ഹാഷ്ടാഗിൽ ബി.ജെ.പിയുടെ സാമൂഹിക മാധ്യമ കാമ്പയിനുണ്ടായിരുന്നുരാഹുൽ ഗാന്ധിയുടെ ചൗക്കിദാർ ചോർ ഹെ എന്ന പരാമർശത്തിനാണ് മെ ഭീ ചൗക്കിദാർ എന്ന കാമ്പയിനുമായി ബി.ജെ.പി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.