ജോലിക്ക് പകരം ഭൂമി തട്ടിപ്പ് കേസ്: ലാലുപ്രസാദിന്റെ ഭാര്യക്കും പെൺമക്കൾക്കും ജാമ്യം
text_fieldsന്യൂഡൽഹി: ജോലിക്ക് പകരം ഭൂമി തട്ടിപ്പ് കേസിൽ ആർ.ജെ.ഡി തലവനും മുൻ റെയിൽവേ മന്ത്രിയുമായ ലാലു യാദവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിക്കും രണ്ട് പെൺമക്കൾക്കും ജാമ്യം ലഭിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
റാബ്‌റി ദേവിയും മകൾ മിസ ഭാരതിയും അഴിമതിക്കേസിൽ വാദം കേൾക്കുന്നതിനായി കോടതിയിൽ എത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡിപാർട്മെന്റ്(ഇ.ഡി) സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് കോടതി ഇവരെ വിളിപ്പിച്ചത്. ലാലു പ്രസാദിനും കുടുംബാംഗങ്ങൾക്കുമെതിരെ റെയിൽവേയിൽ ഭൂമി തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒരു മാസത്തിനകം അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്ന് ജനുവരി 30ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഫെബ്രുവരി അവസാനത്തോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസി അറിയിച്ചു. ഫെബ്രുവരി 27ന് കേസിന്റെ അടുത്ത വാദം കേൾക്കും. റെയിൽവേയിൽ ജോലി നൽകിയെന്ന് വാഗ്ദാനം ചെയ്ത് ഭൂമി വാങ്ങിയെന്നാണ് കേസ്.
ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം ലാലു പ്രസാദിനും ഭാര്യ റാബ്റി ദേവിക്കും മറ്റ് 14 പേർക്കുമെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സി.ബി.ഐ നൽകിയ പരാതിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇ.ഡി കേസ് ഫയൽ ചെയ്തത്. 2004-2009 കാലഘട്ടത്തിൽ റെയിൽവേ മന്ത്രിയായിരിക്കെ വിവിധ സോണുകളിലെ 'ഡി' പോസ്റ്റിൽ പകരക്കാരെ നിയമിച്ചതിന് പകരമായി ലാലു പ്രസാദ് യാദവ് അവരുടെ ഭൂമി ഏറ്റെടുത്തെന്നാണ് സി.ബി.ഐ ആരോപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.