യു.പിയിൽ മണൽ മാഫിയയുമായി ഭൂമി തർക്കം; വെടിവെപ്പിൽ നാലു പേർക്ക് പരിക്ക്
text_fieldsമുസഫർനഗർ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ മണൽ മാഫിയയുമായുള്ള ഭൂമി തർക്കത്തെ തുടർന്ന് രണ്ട് ഗ്രൂപ്പുകൾ പരസ്പരം ഏറ്റുമുട്ടി. നാലു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം കൈരാന പോലീസ് സ്റ്റേഷൻ പരിധിയിലെ മന്ദവാർ ഗ്രാമത്തിലാണ് രണ്ടു പേർ തമ്മിൽ തർക്കമുണ്ടായത്. അത് ഉടൻ തന്നെ അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നീങ്ങി.
മന്ദാവർ മണൽ ഖനന പാട്ടത്തിൻ്റെ ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. മൈനിംഗ് പോയിൻ്റിന് സമീപമാണ് ഇത്സാർ എന്നയാളുടെ മകൻ ഹനീഫിൻ്റെ ഭൂമിയെന്നാണ് വിവരം. ഇതിൽ കുറച്ച് ഭാഗം ഖനന കരാറുകാർ കയ്യേറിയിരിക്കുകയാണ്.
മേഖലയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഖനന കരാറുകാർ എല്ലാ പരിധികളും ലംഘിച്ച് രാവും പകലും യമുനാ നദിയുടെ നെഞ്ച് കീറുകയാണെന്നും എല്ലാ നിയമങ്ങളും ചട്ടങ്ങളും അവരുടെ കീശയിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു. കോടതി ഉത്തരവുകൾ ഗൗനിക്കാതെ നിശ്ചിത അളവും മറികടന്ന് മണൽവാരുന്നത് തുടരുകയാണെന്നും അവർ പറയുന്നു.
ഇരുവിഭാഗവും വടികളും തോക്കുകളും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് സർക്കിൾ ഓഫിസർ ശ്യാം സിങ് പറഞ്ഞു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഉമർദീൻ, സദ്ദാം, ഇർഫാൻ, ഇമ്രാൻ എന്നീ നാല് പേർക്ക് വെടിവെപ്പിൽ പരിക്കേറ്റുവെന്നും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും സിങ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.