ജോലിക്ക് ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
text_fieldsന്യൂഡൽഹി: ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോർട്ട്. ഡൽഹിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന 2004 മുതൽ 2009 വരെയുള്ള കാലത്ത് നടന്ന ഗ്രൂപ്പ് ഡി നിയമനങ്ങളിലാണ് അന്വേഷണം നടക്കുന്നത്. നിയമനങ്ങള്‍ക്ക് പ്രത്യുപകാരമായി കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി ഉദ്യോഗാർഥികളില്‍നിന്ന് ചുളുവിലക്ക് കൈപ്പറ്റിയെന്നാണ് ആക്ഷേപം.
ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനെയും ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബറി ദേവിയെയും മകൻ തേജസ്വി യാദവിനെയും പ്രതികളാക്കി ജൂലൈ മൂന്നിന് സി.ബി.ഐയും കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
റെയിൽവേയിൽ നിയമനങ്ങൾക്ക് പകരമായി ഉദ്യോഗാർഥികളുടെ ഭൂമിയും സ്വത്തുകളും ലാലു കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും തുച്ഛ വിലക്ക് കൈമാറിയെന്നതാണ് കേസ്. റെയിൽവേ ജോലി ഒഴിവുകൾ പരസ്യപ്പെടുത്താതെ രഹസ്യമായി നിയമനങ്ങൾ നടത്തിയെന്നും സി.ബി.ഐ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.