ജോഷിമഠിന് പിന്നാലെ ജമ്മു കാശ്മീരിലെ റംബാൻ ജില്ലയിലും ഭൂമി ഇടിഞ്ഞ് താഴുന്നു; വിള്ളൽ വീണത് 16 വീടുകൾക്ക്
text_fieldsശ്രീനഗർ: ജമ്മു കാശ്മീരിലെ റംബാൻ ജില്ലയിൽ ഭൂമി ഇടിഞ്ഞ് താഴ്ന്നതായി അധികൃതർ അറിയിച്ചു. മലയോര മേഖലയായ ദുക്‌സർ ദൽവ ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഭൂമി ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് വീടുകളും പവർ ട്രാൻസ്മിഷൻ ടവറുകളും തകർന്നതായി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്‌ച മുതലാണ് ഗ്രാമത്തിൽ ഭൂമി ഇടിഞ്ഞ് തുടങ്ങിയത്. ഇതുവരെ 16 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവയിൽ മൂന്ന് കെട്ടിടങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിലായി വിള്ളൽ വർധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്രാമത്തിലൂടെ കടന്നുപോകുന്ന 33 കെവി പവർ ട്രാൻസ്മിഷൻ ലൈൻ തകരാറിലായതിനെ തുടർന്ന് പ്രദേശത്തെ നിരവധി പഞ്ചായത്തുകളിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം നാളെ ഗ്രാമം സന്ദർശിച്ച് ഭൂമി ഇടിയുന്നതിന്‍റെ കാരണം കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അതേസമയം, ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗുണ്ട് മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി വീടുകളും കടകളും തകരുകയും ശ്രീനഗർ-സോൻമാർഗ് റോഡിൽ വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. തുരങ്ക നിർമാണ പ്രവർത്തനങ്ങളാണ് ഗ്രാമത്തിലെ മണ്ണിടിച്ചിലിന് കാരണമെന്ന് ദുരിതബാധിത കുടുംബങ്ങൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.