പാളത്തിൽ വീണ്ടും മണ്ണിടിച്ചിൽ; കണ്ണൂർ ട്രെയിനുകൾ സേലം വഴി, ഹാസൻ വഴിയുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി
text_fieldsമംഗളൂരു: ബംഗളൂരു-മംഗളൂരു റൂട്ടിൽ റെയിൽ പാളത്തിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്ത് സുരക്ഷാ പരിശോധനക്കിടെ സമീപത്ത് വീണ്ടും മണ്ണിടിച്ചിൽ. ഇതേത്തുടർന്ന് ബംഗളൂരു കണ്ണൂർ എക്സ്പ്രസ് (16511) തിങ്കളാഴ്ചയും കണ്ണൂർ-ബംഗളൂരു എക്സ്പ്രസ് (16512) തിങ്കൾ, ചൊവ്വ ദിവസങ്ങളിലും സേലം വഴി സർവിസ് തുടരും. ഈ ട്രെയിനുകൾ ഞായറാഴ്ച ഷൊർണൂർ-സേലം റൂട്ടിൽ വഴിതിരിച്ചു വിടുകയും ശനിയാഴ്ച ഭാഗികമായി റദ്ദാക്കുകയും ചെയ്തിരുന്നു. ബംഗളൂരു-മംഗളൂരു റൂട്ടിൽ സർവിസ് നടത്തേണ്ട മറ്റു ട്രെയിനുകൾ ബുധനാഴ്ചവരെ റദ്ദാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ഇടിഞ്ഞുവീണ മണ്ണ് നീക്കി ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ സുരക്ഷാ പരിശോധന നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാത്രി സകലേഷ്പുരക്കും ബള്ളുപേട്ടക്കും ഇടയിൽ അചങ്കി മേഖലയിൽ മണ്ണിടിഞ്ഞത്. നീക്കം ചെയ്യാൻ ഉപയോഗിച്ച ഹിറ്റാച്ചി യന്ത്രത്തിന് മുകളിലേക്ക് മണ്ണ് വീണ് പ്രവർത്തനം നിലച്ചു. യന്ത്രം ഓപറേറ്റർ ചാടി രക്ഷപ്പെടുകയായിരുന്നു.
മണ്ണും കൂറ്റൻ പാറക്കഷണങ്ങളും പാളത്തിൽ വീഴുന്നതിനാൽ നീക്കം ചെയ്യൽ ദുഷ്കരമാണെന്ന് അധികൃതർ പറഞ്ഞു. കാർവാർ-ബംഗളൂരു (16596), ബംഗളൂരു-മുരുഡേശ്വർ (16585) എക്സ്പ്രസ്, മംഗളൂരു-വിജയപുര (07378), യശ്വന്ത്പുർ-കാർവാർ (16515), മംഗളൂരു-യശ്വന്ത്പുർ (16576) എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.