പ്രണബ് ഇന്ന് പടിയിറങ്ങും; ഇനി രാജാജി 10 ഭവനത്തിൽ
text_fieldsന്യൂഡൽഹി: രാഷ്ട്രത്തിെൻറ 13ാം രാഷ്ട്രപതിയായി കാലാവധി പൂർത്തിയാക്കിയ പ്രണബ് മുഖർജി ഇന്ന് പടിയിറങ്ങും. അഞ്ചുവർഷം മുമ്പ് രാജ്യത്തിെൻറ പ്രഥമ പൗരനായി രാഷ്ട്രപതി ഭവനിലെത്തിയ 81കാരന് രാജാജി മാർഗിലെ 10ാം നമ്പർ ഭവനത്തിൽ ഇനി ശിഷ്ടകാല വിശ്രമം.
ബ്രിട്ടീഷ് ഭരണകാലം മുതലുള്ള ഇരുനില കെട്ടിടം പുതിയ അതിഥിക്കായി പെയിൻറുചെയ്തും പൂന്തോട്ടം അണിയിച്ചൊരുക്കിയും പുതുമോടിയണിഞ്ഞു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം 2015ൽ വിടവാങ്ങുംവരെ ഇവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമക്ക് നൽകി. പ്രണബ് എത്തുന്നത് പരിഗണിച്ച് മഹേഷ് ശർമ അക്ബർ റോഡിലെ 10ാം നമ്പർ വീട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് മാറിയത്.
പുതിയ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദ് നിലവിൽ ഇതേ വീട്ടിലാണ് താമസിക്കുന്നതെന്ന കൗതുകവുമുണ്ട്. പ്രണബ് രാഷ്ട്രപതി ഭവനിൽനിന്ന് രാജാജി മാർഗിലെ 10ാം നമ്പറിലെത്തുേമ്പാൾ അക്ബർ റോഡിലെ 10ാം നമ്പർ വീട്ടിൽനിന്നാണ് കോവിന്ദ് രാഷ്ട്രപതി ഭവനിലേക്ക് മാറുന്നത്.
പദവി ഒഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക് മടങ്ങുന്ന രാഷ്ട്രപതിക്ക് രാജ്യത്തെവിടെയും വാടകയില്ലാതെ താമസവും സൗജന്യ വെള്ളവും വൈദ്യുതിയും നൽകണം. പ്രണബ് പുതുതായി എത്തുന്ന രാജാജി മാർഗ് നേരത്തെ കിങ് ജോർജ് അവന്യൂ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യാനന്തരം അവസാന ഗവർണർ ജനറൽ സി. രാജഗോപാലാചാരിയുടെ പേര് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.