ഇംഫാലിൽനിന്ന് അവസാന കുക്കിയേയും നീക്കി; ബലംപ്രയോഗിച്ച് ഒഴിപ്പിച്ചെന്ന്
text_fieldsഇംഫാൽ: വംശീയകലാപം വർഗീയാക്രമണമായി പരിണമിച്ച മണിപ്പൂരിൽ തലസ്ഥാനനഗരിയിൽ അവശേഷിക്കുന്ന കുക്കി വംശജരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചു. ഇംഫാലിലെ ന്യൂ ലാംബുലെയ്നിൽ ബാക്കിയായ 10 കുക്കി കുടുംബങ്ങളിലായുള്ള 24 പേരെയാണ്, ‘സുരക്ഷിത സ്ഥാനത്തേ’ക്ക് എന്ന് പറഞ്ഞ് സർക്കാർ അധികൃതർ നീക്കിയത്.
ഇവരെ കുക്കി ഭൂരിപക്ഷമേഖലയായ കാങ്പോക്പിയിലെ മോട്ബങ്ങിലേക്കാണ് മാറ്റിയതെന്ന് സംസ്ഥാനസർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇംഫാലിൽനിന്ന് 25 കിലോമീറ്റർ അകലെയാണിത്.
അതേസമയം, ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമെന്ന് അവകാശപ്പെട്ട് അർധരാത്രിയിൽ ആയുധങ്ങളുമായി യൂനിഫോമിൽ എത്തിയ സംഘം, കുക്കി വീടുകൾക്ക് കാവൽ നിൽക്കുകയായിരുന്ന 24 പേരെ ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. തങ്ങളുടെ സാധനങ്ങൾപോലും എടുക്കാൻ അനുവദിക്കാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ബലംപ്രയോഗിച്ച് നീക്കിയെന്നും അവർ ആരോപിച്ചു.
‘‘മേഖലയിലുള്ള കുക്കി വീടുകൾക്കും സ്വത്തിനും സംരക്ഷണത്തിനായി അവശേഷിക്കുകയായിരുന്ന അവസാനത്തെ കുക്കി വളന്റിയറെയും ഭയാനകമായ ആക്രമണത്തിലൂടെ ഒഴിപ്പിച്ചിരിക്കുന്നു’’ -ഗോത്രസംഘടനയായ കുക്കി ഇൻപി മണിപ്പൂർ ആരോപിച്ചു. ഇതോടെ മെയ്തേയികളും കുക്കികളും തമ്മിലുള്ള വിഭജനം പൂർണമായെന്നും ഇരു വിഭാഗങ്ങളെയും ഭരണഘടനാപരമായി രണ്ടു ഭരണവിഭാഗങ്ങളായി മാറ്റാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, ആക്രമണ സാധ്യതാമേഖലയിൽനിന്ന് കുക്കി വംശജരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയാണുണ്ടായതെന്ന് സർക്കാർവൃത്തങ്ങൾ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.