എസ്.പി.ബിക്ക് ആയിരങ്ങളുടെ യാത്രാമൊഴി
text_fieldsചെന്നൈ: ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം മൺമറഞ്ഞു. തിരുവള്ളൂർ റെഡ് ഹിൽസിലെ താമരപാക്കം ഫാം ഹൗസിലാണ് പൂർണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങ് നടന്നത്. 10.20നാണ് തെലുങ്ക് ബ്രാഹ്മണാചാര പ്രകാരം ചടങ്ങുകൾക്ക് തുടക്കമായത്. എസ്.പി.ബിയുടെ മകൻ എസ്.പി ചരൺ ആണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ഭാര്യ സാവിത്രി, മകൾ പല്ലവി, സഹോദരി എസ്.പി. ഷൈലജ എന്നിവർ ഉൾപ്പെടെ കുടുംബാംഗങ്ങളും സിനിമ- രാഷ്ട്രീയ- സാംസ്കാരിക മേഖലയിലെ അടുത്ത സുഹൃത്തുക്കളും പെങ്കടുത്തു.
തുടർന്ന് ഫാം ഹൗസിൽനിന്ന് 500 മീറ്റർ അകലെ സംസ്കരിക്കാൻ പ്രത്യേകം ക്രമീകരിച്ച ഇടത്തേക്ക് പൊലീസ് അകമ്പടിയോടെ മൃതദേഹം കൊണ്ടുപോയി. ആദരസൂചകമായി 24 പൊലീസുകാർ ഗൺ സല്യൂട്ട് നൽകിയശേഷം മൂന്നുതവണ ആകാശത്തേക്ക് വെടിയുതിർത്തു. പിന്നീട് കൃത്യം 12.35ന് മൃതദേഹം സംസ്കരിച്ചു.
നടന്മാരായ വിജയ്, അർജുൻ, റഹ്മാൻ, സമുദ്രകനി, മയിൽസാമി, സംവിധായകരായ ഭാരതിരാജ, അമീർ, മന്ത്രി എം.പി. പാണ്ഡ്യരാജൻ, ആന്ധ്രാപ്രദേശ് ജലവകുപ്പുമന്ത്രി അനിൽകുമാർ, തിരുവള്ളൂർ കലക്ടർ മഹേശ്വരി, സംഗീത സംവിധായകരായ ദേവിശ്രീ പ്രസാദ്, ദീന, ഗായകൻ മനോ, തിരുപ്പതി എം.എൽ.എ കരുണാകര റെഡ്ഢി തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.
കോവിഡ് ബാധിച്ച നിലയിൽ ആഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ഫലം നെഗറ്റിവായെങ്കിലും പ്രമേഹ- ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ആരോഗ്യനില വീണ്ടെടുക്കുന്നതിന് തടസ്സമാവുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് ചെന്നൈ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത്. നാലുമണിയോടെ നുങ്കംപാക്കത്തെ വസതിയിൽ പൊതുദർശനത്തിനുവെച്ചു. വൻ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. എട്ടുമണിയോടെ വിലാപയാത്രയായി മൃതദേഹം താമരപാക്കം ഫാം ഹൗസിലേക്ക് കൊണ്ടുപോയി. മൂന്നു മണിക്കൂർ നീണ്ട യാത്രക്കിടെ വഴിനീളെ ആരാധകരും പൊതുജനങ്ങളും പുഷ്പവൃഷ്ടി നടത്തി.
ശനിയാഴ്ച പുലർച്ച മുതൽ പ്രിയഗായകനെ ഒരുനോക്കുകാണാനും അന്ത്യാഞ്ജലിയർപ്പിക്കാനും ആരാധകർ ഫാം ഹൗസിലേക്ക് ഒഴുകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.