രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം; ലത മങ്കേഷ്കറിന്റെ സംസ്കാരം ഇന്ന് ശിവജി പാർക്കിൽ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിന്റ നിര്യാണത്തെ തുടർന്ന് രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 8.12ഓടെയായിരുന്നു ലത മങ്കേഷ്കറിന്റെ അന്ത്യം.
സംസ്കാരം ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും. മുംബൈ ദാദറിലെ ശിവജി പാർക്കിലാണ് അന്ത്യവിശ്രമം ഒരുക്കുക. 4 30ന് പ്രധാനമന്ത്രി മുംബൈയിൽ എത്തും
കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ ചികിത്സയിലായിരുന്നു ലതയെ ശനിയാഴ്ച വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നില ഗുരുതരമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് സംഗീയാസ്വാദകരെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തി അവർ വിട പറഞ്ഞത്.
സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചുമക്കളിൽ മൂത്തവളായി മധ്യപ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28നാണ് ലത മങ്കേഷ്‌കർ ജനിച്ചത്. ആദ്യ പേര് ഹേമ എന്നായിരുന്നെങ്കിലും പിന്നീട് തന്റെ നാടകത്തിലെ കഥാപാത്രത്തോടുള്ള ഇഷ്ടം മൂലം അച്ഛൻ ലത എന്ന് പുനർനാമകരണം ചെയ്തു, അച്ഛനിൽ നിന്ന് ശാസ്ത്രീയ സംഗീതം പഠിച്ച ലത അഞ്ചാം വയസ്സു മുതൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. . 1942ൽ മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് ഗായികയായി മാറി. ഹിന്ദി, മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട്. 'നെല്ല്' എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന കദളി കൺകദളി ചെങ്കദളി പൂ വേണോ...' എന്ന ഗാനമാണ് മലയാളത്തിൽ ആലപിച്ചത്.
2001ൽ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരമായ 'ഭാരതരത്നം' നൽകി രാജ്യം ലത മങ്കേഷ്കറെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) എന്നിവയും ലഭിച്ചിട്ടുണ്ട്. 1993ൽ ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചു. 1999ല്‍ ലതയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു. ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതയുടെ ഇളയ സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.