ലാറ്ററൽ എൻട്രി പിന്മാറ്റം: രാഹുലും ഇൻഡ്യയും നേടിയ രാഷ്ട്രീയ വിജയം
text_fieldsന്യൂഡൽഹി: 45 ഉന്നത കേന്ദ്ര തസ്തികകളിലേക്കുള്ള ലാറ്ററൽ എൻട്രി നിയമനത്തിൽനിന്നുള്ള കേന്ദ്ര സർക്കാറിന്റെ പിന്മാറ്റം 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇൻഡ്യ സഖ്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും മേൽ നേടിയ രാഷ്ട്രീയ വിജയമായി. സംവരണവും സാമൂഹികനീതിയും ഉയർത്തിപ്പിടിച്ച് പ്രതിപക്ഷം സൃഷ്ടിച്ച പ്രതിരോധത്തിന് മുന്നിൽ ബി.ജെ.പി പരാജയപ്പെട്ടത് കൊണ്ടാണ് രണ്ടാം മോദി സർക്കാറിന്റെ കാലത്ത് സ്വീകരിച്ച സുപ്രധാന നയത്തിൽനിന്ന് മൂന്നാം മോദി സർക്കാറിന് പൊടുന്നനെ പിന്മാറേണ്ടിവന്നത്.
രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ പ്രതിപക്ഷവും ലോക്ജൻ ശക്തി (രാം വിലാസ്) അടക്കമുള്ള എൻ.ഡി.എ ഘടകകക്ഷികളും ഉയർത്തിയ ശക്തമായ എതിർപ്പിനെ തുടർന്നാണ് മോദി സർക്കാറിന്റെ പിന്മാറ്റം. എൻ.ഡി.എ ഘടകകക്ഷിയായ ജനതാദൾ യുവും എതിർത്ത ലാറ്ററൽ എൻട്രിക്ക് അനുകൂലമായ നിലപാടാണ് തെലുഗുദേശം പാർട്ടി കൈക്കൊണ്ടത്.
സംവരണം അട്ടിമറിക്കാനുള്ള ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഗൂഢ പദ്ധതിയുടെ ഭാഗമാണ് ലാറ്ററൽ എൻട്രിയെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും അഖിലേഷ് യാദവിന്റെയും പ്രചാരണങ്ങൾക്ക് മുന്നിൽ ‘യു.പി.എയുടെ നയമാണ് തങ്ങൾ നടപ്പാക്കിയതെന്ന’ സർക്കാർ പ്രതിരോധം ദുർബലമായി.
കോൺഗ്രസ് സർക്കാറിന്റെ കാലത്ത് വിദഗ്ധരെ ലാറ്ററൽ എൻട്രി വഴി നിയമിക്കേണ്ട സാഹചര്യത്തിൽ അവരുടെ കഴിവ് മാത്രമായിരുന്നു അടിസ്ഥാനമാക്കിയതെന്നും ഡോ. മൻമോഹൻ സിങ്, രഘുറാം രാജൻ, നന്ദൻ നിലേഖനി തുടങ്ങിയവരുടെ നിയമനങ്ങൾ അത്തരത്തിലുള്ളതായിരുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മറുപടി നൽകുകയും ചെയ്തു. എൻ.ഡി.എ ഘടകകക്ഷികളുടെ സമ്മർദത്തെ തുടർന്നാണ് പിന്മാറ്റമെന്ന് സർക്കാറും ബി.ജെ.പിയും അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് നേർവിപരീതമായി കോൺഗ്രസും പ്രതിപക്ഷവും നടത്തിയ വിമർശനങ്ങൾക്കുള്ള മറുപടിയാണ് യു.പി.എസ്.സി ചെയർമാന് നൽകിയ കത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.