ഉയർന്ന കേന്ദ്ര തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി; രോഷം ഭയന്ന് പിന്മാറ്റം
text_fieldsന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ കടന്നാക്രമണത്തിനും എൻ.ഡി.എക്കുള്ളിൽനിന്നുയർന്ന എതിർപ്പിനും മുന്നിൽ പിടിച്ചുനിൽക്കാനാകാതെ, ഉയർന്ന കേന്ദ്ര തസ്തികകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടിയിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ജോയന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി പദവികളടക്കം 24 മന്ത്രാലയങ്ങളിലെ 45 ഉന്നത പദവികളിലേക്ക് ലാറ്ററൽ എൻട്രി നിയമനത്തിന് ഈ മാസം 17ന് പുറത്തിറക്കിയ പരസ്യം പിൻവലിക്കാൻ യു.പി.എസ്.സിക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കത്തയച്ചു.
ലാറ്ററൽ എൻട്രി പ്രക്രിയ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും സാമൂഹിക നീതിയുടെയും തത്ത്വങ്ങളോട്, പ്രത്യേകിച്ചും സംവരണ വ്യവസ്ഥകളോട് ചേർന്നുനിൽക്കണമെന്ന ഉറച്ച വിശ്വാസമാണ് പ്രധാനമന്ത്രിക്കുള്ളതെന്ന് യു.പി.എസ്.സി ചെയർമാൻ പ്രീതി സുദന് അയച്ച കത്തിൽ ജിതേന്ദ്ര സിങ് വ്യക്തമാക്കി. ലാറ്ററൽ എൻട്രി നിയമനത്തിനായി പരസ്യം ചെയ്തവ സിംഗ്ൾ കേഡർ തസ്തികകളിൽപ്പെട്ട പ്രത്യേക പദവികളായതിനാൽ സംവരണം ബാധകമല്ല. എന്നാൽ, സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിൽ ഈ പദവികളിലേക്കുള്ള നിയമന രീതിയും പുനഃപരിശോധിച്ച് ആവശ്യമായ പരിഷ്കരണം യു.പി.എസ്.സി കൊണ്ടുവരണമെന്നും കത്തിൽ മന്ത്രി ആവശ്യപ്പെട്ടു. ആശ്രിതവത്സലർക്കായി നേരിട്ടുള്ള നിയമനമാണ് 2014നു മുമ്പ് നടത്തിയിരുന്നതെങ്കിൽ വ്യവസ്ഥാപിതവും തുറസ്സായതും സുതാര്യവുമായ രീതിയിലുള്ള ലാറ്ററൽ എൻട്രിക്കാണ് തങ്ങൾ ശ്രമിച്ചതെന്നും കത്തിലുണ്ട്.
സംവരണം അട്ടിമറിച്ച് ആർ.എസ്.എസുകാരെ നിയമിക്കാനാണ് ലാറ്ററൽ എൻട്രിയെന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനും ആവർത്തിച്ച് വിമർശിക്കുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ യൂടേൺ. കോൺഗ്രസിനും ഇൻഡ്യ കക്ഷികൾക്കും പുറമെ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ നയിക്കുന്ന ലോക് ജൻശക്തി പാർട്ടിയും (രാം വിലാസ്) സംവരണമില്ലാത്ത ലാറ്ററൽ എൻട്രി നിയമനത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. തീരുമാനത്തിൽനിന്ന് പിന്മാറിയതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച ചിരാഗ് പാസ്വാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് സർക്കാറിനോട് തങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും കൂട്ടിച്ചേർത്തു.
അതേസമയം, സമ്മർദത്തെ തുടർന്നാണ് സർക്കാറിന് പിന്മാറേണ്ടി വന്നതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ദുർബലനായതിന്റെ മറ്റൊരു ഉദാഹരണമായി ലാറ്ററൽ എൻട്രിയിൽനിന്നുള്ള പിന്മാറ്റത്തെ കോൺഗ്രസ് പരിഹസിച്ചു.
എന്താണ് ലാറ്ററൽ എൻട്രി ഉദ്യോഗം?
കേന്ദ്ര സർക്കാർ വകുപ്പുകളിലെ മധ്യതല, ഉന്നതതല തസ്തികകൾ നികത്താൻ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസ് (ഐ.എ.എസ്) പോലുള്ള പരമ്പരാഗത സർവിസ് കേഡറുകൾക്ക് പുറത്തുള്ള വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതിനെയാണ് ലാറ്ററൽ എൻട്രി സൂചിപ്പിക്കുന്നത്. 2018ൽ ഒന്നാം നരേന്ദ്ര മോദി സർക്കാർ ഔപചാരികമായി അവതരിപ്പിച്ച ഈ പ്രക്രിയയിൽ സ്വകാര്യമേഖലയിൽ നിന്നുള്ളവർക്കുൾപ്പെടെ സർക്കാറിന്റെ സുപ്രധാന സ്ഥാനങ്ങളിലെത്താൻ കഴിയും. സാധാരണയായി മൂന്ന് മുതൽ അഞ്ച് വർഷം വരെ നീളുന്ന കരാറുകളിലാണ് ലാറ്ററൽ എൻട്രി നിയമനം. പിന്നീട് വേണമെങ്കിൽ കരാർ കാലാവധി നീട്ടാം.
ആഗസ്റ്റ് 17ന് സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ ജോയന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ തലങ്ങളിലുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.