ഡൽഹി സ്വകാര്യ വൈദ്യുത ബോർഡിൽ നിന്ന് സർക്കാർ നോമിനികളെ നീക്കി ലഫ്. ഗവർണർ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ വൈദ്യുത വിതരണ കമ്പനി ബോർഡിൽ നിന്ന് രണ്ട് സർക്കാർ നോമിനികളെ മാറ്റി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന. വൈദ്യുത വകുപ്പാണ് എ.എ.പി വക്താവ് ജാസ്മിൻ ഷാ, എ.എ.പി എം.പി എൻ.ഡി ഗുപ്തയുടെ മകൻ നവീൻ എൻ.ഡി ഗുപ്ത എന്നിവരെ നീക്കിയത്.
അനിൽ അംബാനിയുടെ ബി.വൈ.പി.എൽ, ബി.ആർ.പി.എൽ, ടാറ്റയുടെ എൻ.ഡി.പി.ഡി.സി.എൻ എന്നീ സ്വകാര്യ വൈദ്യുത കമ്പനിയുടെ ബോർഡംഗങ്ങളായാണ് ഇരുവരെയും സർക്കാർ നിയമിച്ചത്. എന്നാൽ ഇരുവരെയും അനധികൃതമായാണ് സർക്കാർ നോമിനികളാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റിയത്. പകരം മുതിർന്ന സർക്കാർ ജീവനക്കാരെ നിയമിച്ചു. സാമ്പത്തിക കാര്യ സെക്രട്ടറി, വൈദ്യുത വകുപ്പ് സെക്രട്ടറി, ഡൽഹി ട്രാൻസ്കോ എം.ഡി എന്നിവരാണ് പകരമായി നിയമിക്കപ്പെട്ടത്.
ലഫ്റ്റനന്റ് ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും അനധികൃതവുമാണെന്ന് എ.എ.പി ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് മാത്രമേ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉത്തരവിടാൻ അനുവാദമുള്ളു. ലഫ്റ്റനന്റ് ഗവർണർ ഭരണഘടനയെ പരിഹസിക്കുകയാണെന്നും പാർട്ടി ആരോപിച്ചു.
എ.എ.പി നോമിനികൾ സംസ്ഥാന ഖജനാവിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവരെ നീക്കം ചെയ്യാൻ വി.കെ. സക്സേന നടപടി എടുത്തത്. എന്നാൽ ഈ ആരോപണങ്ങൾ എ.എ.പി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഈ സ്ഥാപനങ്ങളിൽ മന്ത്രി സഭാ തീരുമാനമനുസരിച്ച് വാർഷിക ഓഡിറ്റ് നടക്കുന്നതാണെന്ന് എ.എ.പി സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.