യു.പിയിൽ എലിയെ കൊന്ന യുവാവിനെ അറസ്റ്റ് ചെയ്തു; സഹോദരനെ വീട്ടിൽ കയറി മർദിച്ചു
text_fieldsനോയിഡ: എലിയെ ബൈക്ക് കയറ്റിക്കൊന്ന യുവാവിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരനെ ആൾക്കൂട്ടം വീട്ടിൽ കയറി മർദിച്ചു. നോയിഡ മാമുറയിലെ സൈനുൽ ആബിദീൻ (24) എന്ന യുവാവാണ് ഞായറാഴ്ച അറസ്റ്റിലായത്.
ഒരുമാസം മുമ്പ് സൈനുൽ ആബിദീൻ ബൈക്ക് ഓടിക്കവേ, റോഡിന് കുറുകെ വന്ന എലിയെ കൊന്നിരുന്നു. ബൈക്ക് മുന്നോട്ടും പിന്നോട്ടും എടുത്ത് കൊല്ലുന്നതിന്റെ വിഡിയോ അജ്ഞാതൻ മൊബൈലിൽ പകർത്തിയത് കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തുടർന്ന് ഒരുസംഘം വീട്ടിൽ കയറി ഇദ്ദേഹത്തിന്റെ സഹോദരനെ മർദിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് സൈനുൽ ആബിദീനെ ഫേസ്-3 പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ചുകടന്ന് സഹോദരനെ മർദിച്ച സംഭവത്തിൽ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
“വിഡിയോയിൽ കണ്ടയാൾ സൈനുലാബ്ദീൻ ആണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു, അയാൾക്കെതിരെ ഐ.പി.സി സെക്ഷൻ 290 പ്രകാരം കേസെടുത്തു. ജൂലൈ 23 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്’ -സബ് ഇൻസ്പെക്ടർ വിനീത് കുമാർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തോട് പറഞ്ഞു. എന്നാൽ, എലിയെ കൊന്നതിനല്ല, ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനാണ് സൈനുലിനെതിരെ കേസെടുത്തതെന്ന് ഫേസ്-3 പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം വിവാദമായതോടെ അറസ്റ്റ് നടപടി പിൻവലിച്ച് അദ്ദേഹത്തെ വെറുതെ വിടാൻ ഗൗതം ബുദ്ധ നഗർ പൊലീസ് കമീഷണർ ലക്ഷ്മി സിങ് ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ടവരെ കുറിച്ച് സെൻട്രൽ നോയിഡയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനിൽ കുമാർ യാദവിന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ ഉത്തർപ്രദേശിലെ ബദൗനിൽ എലിയെ ഇഷ്ടികയിൽ കെട്ടി അഴുക്കുചാലിൽ എറിഞ്ഞതിന് യുവാവിനെതിരെ കേസെടുത്തിരുന്നു. മൃഗാവകാശ പ്രവർത്തകൻ പൊലീസിൽ നൽകിയ പരാതി പ്രകാരം പ്രതിക്കെതിരെ ഐപിസി സെക്ഷൻ 429 (കന്നുകാലികളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. ഫോറൻസിക് റിപ്പോർട്ടിന്റെയും മാധ്യമങ്ങളിൽ വന്ന വിഡിയോകളുടെയും അടിസ്ഥാനത്തിൽ യുപി പൊലീസ് ‘ബദൗൻ എലിക്കൊല’ കേസിൽ 30 പേജുള്ള കുറ്റപത്രവും സമർപ്പിച്ചിരുന്നു. ചത്ത എലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സഹിതമുള്ള കുറ്റപത്രം ഈ വർഷം ഏപ്രിലിലാണ് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.