പോക്സോ: പ്രായം 18ൽനിന്ന് കുറക്കരുത് -നിയമ കമീഷൻ
text_fieldsന്യൂഡൽഹി: സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിന്റെ പ്രായം പോക്സോ നിയമം നിർദേശിക്കുന്ന 18ൽനിന്ന് കുറക്കുന്നതിനോട് വിയോജിച്ച് നിയമ കമീഷൻ. 16-18 പ്രായപരിധിയിലുള്ളവരുടെ കാര്യത്തിൽ ശിക്ഷ ജഡ്ജിയുടെ വിവേചനാധികാരത്തിന് വിടുന്നവിധം വ്യവസ്ഥ വെക്കണമെന്നും കമീഷൻ സർക്കാറിനോട് ശിപാർശ ചെയ്തു.
16നും 18നും ഇടയിലുള്ളവരുടെ സമ്മതപ്രകാരമുള്ള ലൈംഗികബന്ധം കുറ്റമാക്കുന്നതു സംബന്ധിച്ച് കമീഷൻ വിവിധ മേഖലകളിലുള്ളവരുമായി ചർച്ചകൾ നടത്തിയിരുന്നു. സാധ്യമായ മൂന്നു നിർദേശങ്ങളാണ് ഉയർന്നുവന്നതെന്ന് കമീഷൻ പറഞ്ഞു. പോക്സോ നിയമത്തിനു മുമ്പ് ഉണ്ടായിരുന്നതു പോലെ, സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിന്റെ പ്രായം 16 ആയി കുറക്കുക. 16നു മുകളിലുള്ള കുട്ടികളുടെ കാര്യത്തിൽ പരിമിതമായ ഇളവുകൾ കൊണ്ടുവരുക. പരസ്പര സമ്മതവും പ്രണയവും അടങ്ങിയ കേസുകളിൽ ശിക്ഷ വിധിക്കുന്നത് കോടതിയുടെ വിവേചനാധികാരത്തിന് വിടുക.
പ്രായപരിധി 16 ആക്കുന്നത് ശൈശവ വിവാഹത്തിനും കുട്ടിക്കടത്തിനും എതിരായ നീക്കങ്ങള്ക്കു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പ്രായപരിധി കുറക്കുന്നത് പ്രശ്നപരിഹാരത്തിന്റെ ഒറ്റമൂലിയായി തോന്നാം. എന്നാൽ, ഗുരുതരമായ ഭവിഷ്യത്തുകൾക്ക് അത് ഇടയാക്കിയെന്നു വരാം. ബാലവിവാഹം, കുട്ടിക്കടത്ത് പോലുള്ളവക്കെതിരായ പോരാട്ടം ഇപ്പോഴും തുടരുകതന്നെയാണെന്ന കാര്യം ഓർക്കേണ്ടതുണ്ട്. രണ്ടാമത്തെ നിർദേശത്തിലും ദുരുപയോഗ സാധ്യതകളുണ്ട്. കുട്ടിയുടെ സമ്മതം യഥാർഥത്തിൽ സമ്മതമല്ല. അതങ്ങനെ കാണുന്നത് അങ്ങേയറ്റം പ്രശ്നങ്ങൾ ഉണ്ടാക്കും. എല്ലാ കുട്ടികളും ചൂഷണം തടയുംവിധം പ്രത്യേക നിയമത്തിന്റെ പരിരക്ഷ അർഹിക്കുന്നുണ്ട്.
ഈ പ്രായത്തിൽപെട്ട കുട്ടികളെ കെണിയിലാക്കി ചൂഷണം ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങളും മറ്റും വർധിച്ചുവരുകയുമാണ്. ഇതെല്ലാം മുൻനിർത്തി നോക്കിയാൽ കോടതിയുടെ വിവേചനാധികാരമെന്ന മൂന്നാമത്തെ നിർദേശമാണ് സന്തുലിതം. കുട്ടികളുടെ സംരക്ഷണം ഉദ്ദേശിച്ചാണെങ്കിൽകൂടി, 18ൽ താഴെയുള്ളവരുടെ ലൈംഗികത അപ്പാടെ കുറ്റകരമാക്കുന്നത് അവരെ തടവിലാക്കുന്നതിലേക്കാണ് എത്തുക. സാമൂഹികമായും ശാരീരികമായും മാനസികമായും വിപരീത ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും. സമ്മതപൂർവമുള്ള ലൈംഗികബന്ധത്തിന്റെ പേരിൽ പോക്സോ നിയമപരിധിയിൽപെടുന്ന കുട്ടികൾ നേരിടുന്ന മനഃസംഘർഷവും പീഡനവും ഉത്കണ്ഠാജനകമായ വിഷയംകൂടിയാണെന്നും കമീഷൻ നിരീക്ഷിച്ചു. വനിത-ശിശുക്ഷേമ മന്ത്രാലയത്തോട് വിഷയത്തിൽ അഭിപ്രായം പലവട്ടം തേടിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് കമീഷൻ റിപ്പോർട്ടിൽ വിശദീകരിച്ചു.
അതേസമയം, സമ്മതപൂർവമുള്ള ലൈംഗികബന്ധത്തിന്റെ പ്രായം കുറക്കുന്നതോ, അതിനു നിയമപ്രാബല്യം നൽകുന്നതോ ശരിയല്ല. ബാലവിവാഹം, കുട്ടിക്കടത്ത് എന്നിവക്കെതിരായ പോരാട്ടത്തിൽ അത് ദോഷഫലം ഉണ്ടാക്കും. കൗമാര പ്രണയം നിയന്ത്രിക്കാനാവില്ല. അതിലെ കുറ്റകരമായ താൽപര്യങ്ങൾ കണക്കിലെടുക്കാതെയും വയ്യ.
നിയമ വ്യവസ്ഥകളുടെ കടുപ്പം അതേപടി നടപ്പാക്കുന്നത് ശരിയാവണമെന്നുമില്ല. ജഡ്ജിയുടെ വിവേചനാധികാരം ഉപയോഗിക്കുക വഴി സന്തുലിതമായ സമീപനം ഉറപ്പു വരുത്തുകയും കുട്ടിയുടെ ഉത്തമ താൽപര്യം സംരക്ഷിക്കുകയുമാണ് വേണ്ടത് -കമീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.