സർക്കാറിനെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹമല്ല –നിയമ കമീഷൻ
text_fieldsന്യൂഡൽഹി: ഭരണകൂടത്തിനെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് നിയമ കമീഷൻ. ഭരിക്കുന്നവരുടെ നയത്തിന് നിരക്കാത്ത ഒരു ചിന്താധാര പ്രകടിപ്പിച്ചതിെൻറ പേരിൽ മാത്രം ഏതെങ്കിലും വ്യക്തിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തരുത്.
രാജ്യദ്രോഹ നിയമം (ഇന്ത്യൻ ശിക്ഷാ നിയമം 124-എ) സംബന്ധിച്ച ചർച്ചാരേഖയിലാണ് നിയമകമീഷെൻറ ഇൗ വിലയിരുത്തൽ. പൊതുസമാധാനം തകർക്കുക, അക്രമത്തിലൂടെയോ നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ സർക്കാറിനെ അട്ടിമറിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുേമ്പാഴാണ് രാജ്യദ്രോഹ കുറ്റം ചുമത്തേണ്ടതെന്ന് കമീഷൻ അഭിപ്രായപ്പെട്ടു.
തെൻറ രാജ്യത്തോടുള്ള കൂറ് തനതായ രീതിയിൽ പ്രകടിപ്പിക്കാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
ഒരേ പല്ലവി ആവർത്തിക്കുന്നതല്ല ദേശഭക്തിയുടെ ലക്ഷണം. ക്രിയാത്മക വിമർശനത്തിന് വാതിൽ തുറന്നിട്ടില്ലെങ്കിൽ, സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള കാലഘട്ടങ്ങൾ തമ്മിൽ വ്യത്യാസമുണ്ടാവില്ല. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിൽ ഉണ്ടായിരിക്കണം. ക്രിയാത്മകമായ വിമർശനങ്ങളും ചർച്ചകളുമാണ് നടക്കേണ്ടത്.സർക്കാറിെൻറ നയത്തിലെ പഴുതുകൾ ചൂണ്ടിക്കാണിക്കപ്പെടണം. അത്തരം അഭിപ്രായ പ്രകടനങ്ങൾ ഒരുപക്ഷേ പരുക്കനായേക്കാം. അസുഖകരമായേക്കാം. എന്നാൽ, അതിനെ രാജ്യേദ്രാഹമെന്ന് മുദ്രകുത്തരുത്. നിരുത്തരവാദപരമായ അഭിപ്രായ പ്രകടനമെല്ലാം രാജ്യദ്രോഹമല്ല. കാര്യങ്ങളുടെ പോക്കിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് രാജ്യത്തിന് ഭീഷണിയായി മാറുന്നില്ല.
രാജ്യത്തിെൻറ െഎക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടണം. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ഉപാധിയായി അത് ദുരുപയോഗിക്കപ്പെടരുത്. വിയോജിപ്പും വിമർശനവും ഉൗർജസ്വലമായ പൊതുചർച്ചയുടെ അവശ്യഘടകങ്ങളാണ്. അനാവശ്യമായ നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണ് വേണ്ടതെന്ന് കമീഷൻ വിലയിരുത്തി. മോദി സർക്കാറിനു കീഴിൽ എതിർശബ്ദങ്ങൾ ദേശീയതക്ക് എതിരായ ശബ്ദങ്ങളാണെന്ന് ചിത്രീകരിക്കപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് നിയമകമീഷെൻറ പരാമർശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.