നിയമ കമീഷൻ പുനഃസംഘടിപ്പിച്ചു; പ്രധാന ദൗത്യം ഏക സിവിൽകോഡ്
text_fieldsന്യൂഡൽഹി: നാലു വർഷത്തെ ഇടവേളക്കുശേഷം കേന്ദ്ര സർക്കാർ 22ാം നിയമ കമീഷൻ പുനഃസംഘടിപ്പിച്ചു. മുൻ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് രാജ് അവസ്തി ചെയർപേഴ്സനായ കമീഷനിൽ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരൻ അംഗമാണ്. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കുകയായിരിക്കും നിയമ കമീഷന്റെ പ്രധാന ദൗത്യം. പ്രഫ. ആനന്ദ് പലിവൽ, പ്രഫ. ഡി.പി. വർമ, പ്രഫ. ഡോ. രാക ആര്യ, എം. കരുണാനിധി എന്നിവരും സമിതിയിലുണ്ട്.
21ാം നിയമ കമീഷൻ ചെയർപേഴ്സൻ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി.ബി. സാവന്ത് വിരമിച്ച ശേഷം 2018 ആഗസ്റ്റ് 31 മുതൽ കേന്ദ്ര സർക്കാർ പുനഃസംഘടിപ്പിക്കാതെ കാലിയായി കിടക്കുകയായിരുന്നു നിയമ കമീഷൻ. കമീഷൻ പുനഃസംഘടിപ്പിക്കാത്തതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഏക സിവിൽ കോഡ് വിഷയത്തിൽ സുപ്രീംകോടതി നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ 22ാം നിയമ കമീഷൻ ഈ വിഷയം പരിശോധിക്കുമെന്നും കമീഷൻ ഉടൻ പുനഃസംഘടിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
'മതേതര ജനാധിപത്യ റിപ്പബ്ലിക്' എന്ന ഭരണഘടനയുടെ ആമുഖത്തിലുള്ള ലക്ഷ്യം ശക്തിപ്പെടുത്തുകയാണ് ഏക സിവിൽകോഡിന്റെ ഉദ്ദേശ്യമെന്നും വ്യത്യസ്ത വ്യക്തിനിയമങ്ങളാൽ ഭരിക്കപ്പെടുന്ന സമുദായങ്ങളെ പൊതു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ഇന്ത്യയുടെ അഖണ്ഡത സാധ്യമാക്കാനുള്ള വ്യവസ്ഥയാണിതെന്നും കേന്ദ്രം ബോധിപ്പിച്ചു.
വിഷയത്തിന്റെ പ്രാധാന്യവും വൈകാരികതയും കണക്കിലെടുത്ത് വിവിധ വ്യക്തി നിയമങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം അനിവാര്യമാണെന്നും വിവിധ കക്ഷികളിൽനിന്നും അഭിപ്രായം സമാഹരിച്ച് 21ാം നിയമ കമീഷൻ ഇക്കാര്യം പരിശോധിച്ചിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, കമീഷന്റെ കാലാവധി 2018 ആഗസ്റ്റിൽ അവസാനിച്ചതിനാൽ ഏക സിവിൽ കോഡ് 22ാം നിയമ കമീഷന് മുന്നിൽ വെക്കുമെന്നും 22ാം നിയമ കമീഷൻ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന രാജ് അവസ്തി 2022 ജൂലായ് മൂന്നിനാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചത്. കർണാടകയിൽ ഹിജാബ് വിലക്കി വിധി പുറപ്പെടുവിച്ച ഹൈക്കോടതി ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു.
കേരള ഹൈക്കോടതിയിൽ 2005 ഫെബ്രവരി മുതൽ 2016 ഡിസംബർ വരെ ജഡ്ജിയായിരുന്നു കെ.ടി. ശങ്കരൻ. 'ലവ് ജിഹാദ്' ഉണ്ടെന്ന് വിധി പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് കെ.ടി. ശങ്കരൻ. ലവ് ജിഹാദ് ആരോപണത്തിന് ഒരു തെളിവുമില്ലെന്ന് കേരള ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് പിന്നീട് കണ്ടെത്തി.
പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ ജസ്റ്റിസ് കെ.ടി. ശങ്കരൻ 1979 ലാണ് അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. പട്ടാമ്പി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 1982ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി. രണ്ട് പതിറ്റാണ്ട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷം 2005 ഫെബ്രുവരിയിൽ കേരള ഹൈക്കോടതിയിൽ ന്യായാധിപനായി. വിരമിച്ച ശേഷം അദ്ദേഹം കേരളജുഡിഷ്യൽ ചെയർപേഴ്സണായും പ്രവർത്തിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.