ത്രിതല തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കാൻ മാർഗരേഖ
text_fieldsന്യൂഡൽഹി: ലോക്സഭ, നിയമസഭ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൾ 2029 മുതൽ ഒന്നിച്ചാക്കാനുള്ള മാർഗരേഖ നിയമ കമീഷൻ മുന്നോട്ടുവെക്കും. ത്രിതല തെരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർപട്ടിക ഉപയോഗപ്പെടുത്താനാണ് പരിപാടി.
ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്കൊപ്പം നടത്തുന്നതിന്റെ മാർഗരേഖ തയാറാക്കാൻ നിയമ കമീഷനോട് സർക്കാർ നേരത്തെ നിർദേശിച്ചിരുന്നില്ല.
എന്നാൽ, ത്രിതല തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതിന്റെ സാധ്യതകൾ പഠിക്കാൻ മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സർക്കാർ ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തി മാർഗരേഖ തയാറാക്കാൻ നിയമ കമീഷനോട് സർക്കാർ വൈകാതെ ഔപചാരികമായി ആവശ്യപ്പെടും.
ചില നിയമസഭ തെരഞ്ഞെടുപ്പുകളുടെ കാലാവധിയിൽ ഏറ്റക്കുറച്ചിൽ വരുത്തി 2029 ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനാണ് സർക്കാർ ആദ്യം പരിപാടിയിട്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുകൂടി ഉൾപ്പെടുത്താമെന്ന ചർച്ച പിന്നീടാണ് ഉയർന്നത്. ചെലവും അധ്വാനവും കുറക്കാമെന്നാണ് നിഗമനം. വോട്ടർമാർ ഒറ്റത്തവണ പോളിങ് ബൂത്തിൽ പോയാൽ മതി. എന്നാൽ, ത്രിതല തെരഞ്ഞെടുപ്പ് രാജ്യത്താകെ ഒന്നിച്ചു നടത്താൻ കാലാവസ്ഥപോലും വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നതിനാൽ രണ്ടു ഘട്ട വോട്ടെടുപ്പിനെക്കുറിച്ചും ചർച്ച നടക്കുന്നുണ്ട്. ആദ്യം ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ്. അതേ വർഷം തന്നെ ഏതാനും മാസങ്ങളുടെ വ്യത്യാസത്തിൽ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്. ത്രിതല തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതിന്റെ സാധ്യതകളാണ് രാംനാഥ് കോവിന്ദ് സമിതി പഠിക്കുന്നത്. എങ്ങനെ നടത്താമെന്ന മാർഗരേഖ തയാറാക്കലാണ് നിയമ കമീഷന്റെ ദൗത്യം. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന മോദിസർക്കാറിന്റെ പദ്ധതിയെ 2018ൽതന്നെ നിയമ കമീഷൻ പിന്തുണച്ചിരുന്നു. എന്നാൽ, അന്തിമ തീരുമാനത്തിനു മുമ്പ് പൊതുസംവാദം നടക്കണമെന്ന നിർദേശവും കമീഷൻ കരട് റിപ്പോർട്ടിൽ മുന്നോട്ടുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.