‘മൂന്ന് വാഗ്ദാനങ്ങളിൽ രണ്ടെണ്ണം നിറവേറ്റി; മൂന്നാമത്തേത് ഏക സിവിൽ കോഡ്, അതും നിലവിൽവരും’
text_fieldsന്യൂഡൽഹി: ഏക സിവിൽ കോഡ് നിലവിൽവരുമെന്നും, അതിനായി ബി.ജെ.പി എൻ.ഡി.എ സഖ്യകക്ഷികളുമായി ചർച്ച നടത്തുമെന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. ബി.ജെ.പി അതിന്റെ അതിന്റെ മുൻഗാമിയായ ജനസംഘിൽ നിന്ന് സ്വീകരിച്ച മൂന്ന് വാഗ്ദാനങ്ങളിൽ രണ്ടെണ്ണം നിറവേറ്റിയെന്നും മൂന്നാമത്തേതും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
“അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുക, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കുക എന്നീ രണ്ട് വാഗ്ദാനങ്ങൾ ഞങ്ങൾ നിറവേറ്റി. മൂന്നാമത്തെ വാഗ്ദാനമായ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നിയമ കമീഷൻ ആലോചിച്ചു വരികയാണ്. ഉത്തരാഖണ്ഡ്, ഗോവ ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഏക സിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾ അതിനെക്കുറിച്ച് ചർച്ച നടത്തുകയാണ്. ഞങ്ങൾ സഖ്യകക്ഷികളുമായി സംസാരിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. തീർച്ചയായും അത് നിലവിൽവരും” -മന്ത്രി പറഞ്ഞു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങൾ ഇല്ലാതാക്കുകയും എല്ലാ പൗരന്മാരെയും തുല്യനിലയിലാക്കുകയും ചെയ്യുന്ന ഏക സിവിൽ കോഡിനെ പ്രതിപക്ഷം ശക്തമായി എതിർക്കുന്നുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉൾപ്പെടെ ഏതാനും എൻ.ഡി.എ സഖ്യകക്ഷികളും നിയമത്തെ എതിർക്കുന്നുണ്ട്. നിയമത്തിന് അന്തിമ രൂപം നൽകുന്നതിന് മുമ്പ് വിശാലമായ ചർച്ചകൾക്കും സമവായത്തിനും ഇരു പാർട്ടികളും ആഹ്വാനം ചെയ്തിട്ടുണ്ട്. കരട് ബിൽ ഇപ്പോൾ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.