എട്ടര വർഷത്തിനിടെ ഇന്ത്യയിൽ റദ്ദാക്കിയത് 1,486 നിയമങ്ങൾ; 65 നിയമങ്ങൾ കൂടി റദ്ദാക്കും -മന്ത്രി കിരൺ റിജിജു
text_fieldsപനാജി: മാർച്ച് 13ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ കാലഹരണപ്പെട്ട 65 നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. കഴിഞ്ഞ എട്ടര വർഷത്തിനിടെ കാലഹരണപ്പെട്ട 1,486 നിയമങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഗോവയിൽ നടന്ന 23ാമത് കോമൺവെൽത്ത് നിയമസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ വിവിധ കോടതികളിൽ 4.98 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഈ പ്രശ്നം ലഘൂകരിക്കാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ‘പേപ്പർ രഹിത ജുഡീഷ്യറി’ ആണ് സർക്കാറിന്റെ ലക്ഷ്യം. ജനങ്ങൾക്കുവേണ്ടിയാണ് നിയമം. ജനജീവിതത്തിന് തടസ്സമാകുന്ന തരത്തിൽ നിയമങ്ങൾ മാറുന്നുണ്ടെങ്കിൽ അത് മാറ്റണമെന്നാണ് സർക്കാർ നിലപാട്.
ഇപ്പോൾ സാധാരണ ഗതിയിൽ, ഒരു ജഡ്ജി 50-60 കേസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ചില ജഡ്ജിമാർ 200 കേസുകൾവരെ പ്രതിദിനം പരിഗണിക്കുന്നുണ്ട്. എങ്കിലും കേസ് കെട്ടിക്കിടക്കൽ വർധിക്കുകയാണ്. മധ്യസ്ഥത നിയമം ഉടൻ കൊണ്ടുവരും. അതോടെ തർക്കങ്ങളിലെ മധ്യസ്ഥത നിയമവിധേയമാകും -മന്ത്രി കൂട്ടിച്ചേർത്തു.
ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ സംബന്ധിച്ചു. 52 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം അഞ്ചുദിവസം നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.