ബാബ സിദ്ദിഖി വധം: ഉത്തരവാദിത്തമേറ്റ് ലോറൻസ് ബിഷ്ണോയ് സംഘം
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ ഉത്തരവാദിത്തമേറ്റ് അധോലോക സംഘമായ ലോറൻസ് ബിഷ്ണോയ് ഗ്യാങ്. സാമൂഹമാധ്യമങ്ങളിലൂടെയാണ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബിഷ്ണോയിക്കും സംഘത്തിനും പങ്കുണ്ടോയെന്ന സംശയത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംഘം അറിയിച്ചത്.
66കാരനായ ബാബ സിദ്ദീഖിയുടെ ബാന്ദ്രയിൽ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്. വെടിവെപ്പ് നടത്തിയത് മൂന്നു പേരാണെന്ന് പൊലീസ് അവകാശപ്പെടുന്നു. ഇതിൽ രണ്ടുപേരെ പിടികൂടി. ഹരിയാനയിൽനിന്നുള്ള ഗുർമയ്‍ൽ ബാൽജിത് സിങ് (23), യു.പി സ്വദേശിയായ ധർമരാജ് കശ്യപ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യു.പിയിൽനിന്ന് തന്നെയുള്ള ശിവകുമാർ ഗൗതമാണ് മൂന്നാമത്തെയാൾ.
നേരത്തേ ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെയുണ്ടായ വധശ്രമക്കേസിൽ പ്രതിയായിരുന്നു ലോറൻസ് ബിഷ്ണോയ്. സൽമാൻ ഖാന്റെ വധശ്രമവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്. സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദീഖി കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിയെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വെടിയുണ്ട നെഞ്ചിലും രണ്ടു വെടിയുണ്ടകൾ വയറ്റിലുമാണ് തറച്ചത്.
സമൂഹമാധ്യമത്തിൽ ഷിബു ലോങ്കർ എന്ന അക്കൗണ്ട് കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ബിഷ്‌ണോയ് സംഘത്തിലെ അസോസിയേറ്റായ ശുഭം രാമേശ്വർ ലോങ്കർ എന്നയാളായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. അനധികൃതമായി ആയുധം കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് ശുഭം ലോങ്കർ. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനായ അൻമോൾ ബിഷ്‌ണോയിയുമായി ബന്ധപ്പെടാറുണ്ടെന്ന് മുമ്പ് ചോദ്യം ചെയ്യലിൽ പൊലീസിനോട് ഇയാൾ വെളിപ്പെടുത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.