'സുപ്രീംകോടതിയാണ് രാജ്യത്തെ സുപ്രീം തമാശ'; കുനാൽ കമ്രയുടെ പ്രസ്താവനക്കെതിരെ പരാതി
text_fieldsമുംബൈ: അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഹാസ്യാവതാരകൻ കുനാൽ കമ്രയുടെ ട്വീറ്റുകൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനാൽ കമ്ര ട്വീറ്റ് ചെയ്തിരുന്നു. മുംബൈയിലെ അഭിഭാഷകനായ റിസ്വം സിദ്ദീഖിയാണ് പരാതിപ്പെട്ടത്.
ആത്മഹത്യ പ്രേരണക്കേസിൽ അർണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാൽ കമ്രയുടെ ഏതാനും ട്വീറ്റുകളാണ് വിവാദമായത്. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു.
കുനാൽ കമ്രക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്‍റെ അനുമതി തേടിയിരിക്കുകയാണ് പരാതിക്കാരൻ. സുപ്രീംകോടതിയെ ഇകഴ്ത്തിക്കാട്ടാനുള്ള മനപൂർവമായ ശ്രമമാണ് നടന്നതെന്ന് അറ്റോർണി ജനറലിനുള്ള കത്തിൽ പരാതിക്കാരൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ആത്മഹത്യ പ്രേരണക്കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണെന്ന് കാണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാൽ, നിരവധിയാളുകളുടെ ജാമ്യാപേക്ഷ തീർപ്പാക്കാതെ കിടക്കുമ്പോൾ അർണബിന്‍റെ ഹരജി അടിയന്തരമായി പരിഗണിച്ചതിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. അർണബിന്‍റെ നിരന്തര വിമർശകനാണ് സ്റ്റാൻഡ് അപ് കൊമേഡിയനായ കുനാൽ കമ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.