ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്ജിയാകും
text_fieldsചെന്നൈ: വിദ്വേഷ പ്രസംഗം നടത്തിയതിന് വിമർശനം നേരിട്ട ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡിഷണല്‍ ജഡ്ജിയാകും. കൊളീജിയം ശിപാർശക്കെതിരായ ഹരജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
വിവിധ ഹൈക്കോടതികളിലേക്ക് 13 പുതിയ ജഡ്ജിമാരെ നിയമിച്ചു. ആര്‍.എസ്.എസിന്‍റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ക്രിസ്ത്യന്‍ വിരുദ്ധ ലേഖനമെഴുതിയെന്ന് വിക്ടോറിയ ഗൗരിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ വിക്ടോറിയ ഗൗരി ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ നേതാവാണ്. 'ദേശീയ സുരക്ഷയ്ക്കും സമാധാനത്തിനും കൂടുതൽ ഭീഷണി ജിഹാദോ ക്രിസ്ത്യൻ മിഷണറിയോ?', 'ക്രിസ്ത്യൻ മിഷണറിമാരുടെ സാംസ്കാരിക വംശഹത്യ' എന്നീ തലക്കെട്ടുകളിലാണ് വിക്ടോറിയ ഗൗരിയുടെ രണ്ട് അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
പുതിയ ജഡ്ജി നിയമനത്തിന് മദ്രാസ് ഹൈക്കോടതി സുപ്രിംകോടതി കൊളീജിയത്തിന് കൈമാറിയ പട്ടികയില്‍ വിക്ടോറിയ ഗൗരിയുടെ പേരുണ്ടായിരുന്നു. പിന്നാലെ സുപ്രിംകോടതി കൊളീജിയം കേന്ദ്ര നിയമ വകുപ്പിന് വിക്ടോറിയയുടെ പേര് ശിപാര്‍ശ ചെയ്യുകയായിരുന്നു.
ഇത്തരം നിയമനങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം അഭിഭാഷകര്‍ സുപ്രിംകോടതി കൊളീജിയത്തിനും രാഷ്ട്രപതിക്കും കത്തയച്ചിരുന്നു. നിരന്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാളെ ജഡ്ജിയാക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതക്ക് വിഘാതമാവുമെന്നും ജഡ്ജിയാക്കാനുള്ള നീക്കം പുനപ്പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ചില അഭിഭാഷകര്‍ സുപ്രിംകോടതിയില്‍ ഹരജിയും ഫയല്‍ ചെയ്തു. ഈ ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭഷകന്‍ രാജു രാമചന്ദ്രന്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹരജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.