കേന്ദ്ര നയങ്ങൾക്കെതിരായ എൽ.ഡി.എഫിന്റെ ഡൽഹി പ്രതിഷേധം തുടങ്ങി; പിന്തുണയുമായി മുഖ്യമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും
text_fieldsന്യൂഡൽഹി: ബി.ജെ.പിയിതര സംസ്ഥാന സർക്കാറുകൾക്ക് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്ന മോദി സർക്കാർ നയങ്ങൾക്കെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധം തുടങ്ങി.
ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, നാഷണൽ കോൺഫറസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല, ഡി.എം.കെ പ്രതിനിധി മന്ത്രി ത്യാഗരാജൻ, ഡി.എം.കെ എം.പി തിരുച്ചി ശിവ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
കേരള ഹൗസിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങളും എം.പിമാരും എം.എൽ.എമാരും ജന്തർമന്തറിലെ വേദിയിലെത്തിയത്. പ്രതിഷേധ ബാനറിന് പിന്നിൽ സീതാറാം യെച്ചൂരിയും അണിനിരന്നു. ആർ.ജെ.ഡി, എൻ.സി.പി, ജെ.എം.എം, ഇടത് പാർട്ടി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കും.
ബി.ജെ.പി നേരിട്ടോ പങ്കാളിത്തത്തോടെയോ ഭരിക്കുന്ന 17 സംസ്ഥാനങ്ങളോട് ലാളനയും മറ്റിടങ്ങളിൽ പീഡനവും എന്ന കേന്ദ്ര സമീപനത്തിനെതിരെയാണ് പ്രതിഷേധം. കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായതിലാണ് അസാധാരണ പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്രത്തിനെതിരെ കർണാടക സർക്കാറിന്റെ സമരം ബുധനാഴ്ച ഡൽഹി ജന്തർമന്തറിൽ നടന്നിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കം മന്ത്രിമാരും ഭരണപക്ഷ എം.എൽ.എമാരുമാണ് സമരത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.