യോഗി സ്ഥാപിച്ച തീവ്രഹിന്ദുത്വ സംഘം നേതാവ് കൊലക്കേസിൽ അറസ്റ്റിൽ
text_fieldsലഖ്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച തീവ്രഹിന്ദുത്വ സംഘത്തിന്‍റെ നേതാവിനെ കൊലപാതക്കേസിൽ അറസ്റ്റ് ചെയ്തു. ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ ബംഗർമൗ ടൗൺ പ്രസിഡന്‍റ് കീർത്തിമാൻ ഗുപ്ത(24)യാണ് അകന്ന ബന്ധുവായ വ്യാപാരിയെ കൊള്ളയടിച്ച് വെടിവെച്ച് കൊന്ന കേസിൽ അറസ്റ്റിലായത്.
സംഭവത്തിൽ ഇയാളുടെ സുഹൃത്തുക്കളായ വിക്കി സോണി എന്ന ചോട്ടു (24), അക്ഷയ് എന്ന രോഹിത് സിംഗ് (25) എന്നിവരും പിടിയിലായി. മേയ് 12 നായിരുന്നു കേസിനാസ്പദമായ സംഭവം. മൂവരും മദ്യപിച്ച് കീർത്തിമാന്‍റെ അകന്ന ബന്ധുവായ സതീഷ് ചന്ദ്ര ഗുപ്ത(45)യുടെ കടയിൽ പോവുകയായിരുന്നു. കീർത്തിമാൻ സതീഷിന്‍റെ തലയ്ക്ക് വെടിവെച്ചു. മരണം ഉറപ്പാക്കിയശേഷം കടയിലുണ്ടായിരുന്ന മൂന്നുലക്ഷം രൂപയും സ്വർണ്ണ മോതിരവും കവർന്ന് സംഘം മുങ്ങുകയായിരുന്നുവെന്ന് ഉന്നാവോ പോലീസ് സൂപ്രണ്ട് ആനന്ദ് കുൽക്കർണി പറഞ്ഞു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ, പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് പറഞ്ഞ് കീർത്തിമാനും സംഘവും പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമായാണ് പൊലീസ് സംഘം വിലയിരുത്തിയത്. ശാസ്ത്രീയമായ അന്വേഷണത്തിൽ കീർത്തിമാൻ, വിക്കി, അക്ഷയ് എന്നിവരുടെ ഫോണുകൾ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് ഫോൺകോളുകൾ ട്രാക്ക് ചെയ്താണ് പ്രതികളെ പിടികൂടിയത്.
മെയ് 12 ന് ഉച്ചതിരിഞ്ഞാണ് മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം മൂവരും പഴ്സ് വാങ്ങാനെന്ന വ്യാജേന സതീഷ് ഗുപ്തയുടെ കടയിലെത്തിയത്. സതീഷ് പഴ്സ് തിരയുന്നതിനിടെ കീർത്തിമാൻ പിസ്റ്റൾ ഉപയോഗിച്ച് തലയ്ക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയിൽ നിന്ന് 5,500 രൂപയും കൊലക്ക് ഉപയോഗിച്ചതായി കരുതുന്ന പിസ്റ്റളും കൊല്ലപ്പെട്ട സതീഷ് ഗുപ്തയുടെ ഡ്രൈവിംഗ് ലൈസൻസും ആധാർ കാർഡും അടങ്ങിയ പഴ്‌സും കണ്ടെടുത്തു.
കഴിഞ്ഞ വർഷം ശോഭരൻ (60) എന്ന പുരോഹിതനെ കൊലപ്പെടുത്തിയതും താനാണെന്ന് കീർത്തിമാൻ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഈ കേസിൽ പൊലീസ് പുനരന്വേഷണം നടത്തും. അറസ്റ്റിനുപിന്നാലെ, കീർത്തിമാനെ സംഘടനയിൽനിന്ന് പുറത്താക്കിയതായി ഹിന്ദു യുവവാഹിനി (എച്ച്.വൈ.വി) ലഖ്‌നോ മേഖല പ്രഭാരി ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. 2002ലാണ് യോഗി ആദിത്യ നാഥ് ഹിന്ദു യുവ വാഹിനി രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.