വിദ്വേഷ പ്രസ്താവന തുടർന്ന് നേതാക്കൾ; ബി.ജെ.പിക്ക് മൗനം
text_fieldsബംഗളൂരു: കർണാടകയിലെ പാർട്ടി നേതാക്കൾ വിദ്വേഷ പ്രസ്താവന തുടരുമ്പോഴും പാർട്ടി നേതൃത്വത്തിന് മൗനം. മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കെ.എസ്. ഈശ്വരപ്പയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ‘പള്ളി പൊളിക്കൽ’ പരാമർശവുമായി ഉത്തര കന്നട എം.പി നളിൻ കുമാർ കട്ടീലും രംഗത്തുവന്നത്.
‘തർക്ക ഭൂമികളിലെ പള്ളികളിൽനിന്ന് മുസ്ലിംകൾ സ്വയം ഒഴിഞ്ഞുപോവണമെന്നും അല്ലാത്ത പക്ഷം എത്രപേർ കൊല്ലപ്പെടുമെന്ന് പറയാനാവില്ല’ എന്നായിരുന്നു കഴിഞ്ഞയാഴ്ച ഈശ്വരപ്പ നടത്തിയ പ്രസ്താവന. ബാബരി മസ്ജിദ് തകർത്തതുപോലെ കർണാടകയിൽ ഭട്കലിലെയും മാണ്ഡ്യയിലെയും അടക്കം പള്ളികൾ തകർക്കണമെന്നതായിരുന്നു അനന്ത്കുമാർ ഹെഗ്ഡേയുടെ പ്രസ്താവന. എന്നാൽ, വിദ്വേഷ പ്രസ്താവനകൾക്കെതിരെ ബി.ജെ.പി പാർട്ടി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പ്രതികരിച്ചിട്ടില്ല.
അനന്ത് കുമാർ ഹെഗ്ഡേയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ബി.ജെ.പി എം.എൽ.എ സി.എൻ. അശ്വത് നാരായൺ പറഞ്ഞു. അതേക്കുറിച്ച് കൂടുതൽ പറയാനില്ലെന്നും രാജ്യത്ത് സമാധാനവും സൗഹാർദവുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്. ഈശ്വരപ്പ അനന്ത് കുമാർ ഹെഗ്ഡേ
ആഭ്യന്തര കലഹം രൂക്ഷമായ കർണാടക ബി.ജെ.പി, ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പേ പാർട്ടിയിലെ പ്രശ്നങ്ങൾ തീർക്കാനുള്ള ശ്രമത്തിലാണ്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും മകനും സംസ്ഥാന അധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്രയുടെയും നിത്യ വിമർശകനായ ബസനഗൗഡ പാട്ടീൽ യത്നാൽ ഉന്നയിച്ച അഴിമതി ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ഇതുവരെ ഒരു നടപടിയും കേന്ദ്ര നേതൃത്വം കൈക്കൊണ്ടിട്ടില്ല.
അകത്ത് കലഹം മൂർച്ഛിക്കുമ്പോഴും പുറത്ത് കർണാടകയിൽ നടക്കുന്ന ഓരോ സംഭവങ്ങളും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന് കോൺഗ്രസ് സർക്കാറിനെതിരായ ജനവികാരമുണർത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
ബെളഗാവി സംഭവത്തിലും ഹാവേരിയിലെ ഹംഗൽ സംഭവത്തിലും ദേശീയ കമീഷനുകൾ ഇടപെട്ടിരുന്നു. ബി.ജെ.പി സർക്കാറിന്റെ കാലത്ത് കർണാടകയിൽ അക്രമങ്ങളൊന്നും നടന്നിരുന്നില്ലേയെന്നും അന്ന് ഈ കമീഷനുകൾ എവിടെയായിരുന്നുവെന്നുമാണ് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ചൂണ്ടിക്കാട്ടിയത്.
അനന്ത് കുമാർ ഹെഗ്ഡേയുടെ പ്രസ്താവനയോട് പ്രതികരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, അദ്ദേഹം പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സംസ്കാരമാണെന്ന് പറഞ്ഞു. അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുമെന്നുപറഞ്ഞ അദ്ദേഹത്തിൽനിന്ന് സംസ്കാരം പ്രതീക്ഷിക്കാമോ എന്നും കഴിഞ്ഞ മൂന്നുവർഷമായി മിണ്ടാത്ത എം.പി തെരഞ്ഞെടുപ്പ് അടുത്തതോടെ രംഗത്തുവരുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
എം.പിയുടെ പ്രസ്താവന പ്രകോപനവും വിദ്വേഷവും സൃഷ്ടിക്കുന്നതെന്ന് ബോധ്യപ്പെട്ടാൽ പൊലീസ് നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.