പിന്നാക്കക്കാരുടെ തെലങ്കാനയിലെ മുന്നാക്കക്കാർ
text_fieldsഭരണവിരുദ്ധ വികാരവും ഭരണത്തുടർച്ചാശ്രമങ്ങളും തെരഞ്ഞെടുപ്പിന് സസ്പെൻസ് ത്രില്ലറിനേക്കാൾ ആവേശംതീർക്കുന്ന തെലങ്കാനയിൽ ജാതിസമവാക്യങ്ങളും അതിനു പിന്നാലെയുള്ള അതൃപ്തിയും ൈക്ലമാക്സിൽ വില്ലനാവുമെന്ന് തീർച്ച. ജനസംഖ്യയിൽ ഭൂരിപക്ഷം പിന്നാക്ക വിഭാഗങ്ങളുള്ള സംസ്ഥാനത്ത് ഏറ്റുമുട്ടുന്നതിൽ ഭൂരിഭാഗവും മുന്നാക്കക്കാർ.
ജനസംഖ്യയിൽ കാര്യമായ സ്വാധീനമില്ലെങ്കിലും സാമൂഹിക, സാമ്പത്തിക രംഗങ്ങളിലുള്ള മേൽക്കൈതന്നെയാണ് റെഡ്ഡിയടക്കം മുന്നാക്ക വിഭാഗങ്ങൾക്ക് കോൺഗ്രസിലും ബി.ആർ.എസിലും ടിക്കറ്റ് നേടിക്കൊടുക്കുന്നത്. തെലങ്കാനയിൽ പിന്നാക്ക, ദുർബല വിഭാഗങ്ങളും ന്യൂനപക്ഷങ്ങളുമാണ് ജനസംഖ്യയുടെ 90 ശതമാനമെന്നിരിക്കെ, കൊമ്പുകോർക്കുന്നത് റെഡ്ഡി-റാവു വിഭാഗങ്ങൾതന്നെയെന്ന് പറയാം. 2018ൽ എം.എൽ.എമാരിൽ 50 ശതമാനവും ഉയർന്ന ജാതിക്കാരായിരുന്നു.
കോൺഗ്രസിലെ മുന്നാക്കക്കാർ ബി.ആർ.എസിലെയും
തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന ടി.പി.സി.സി അധ്യക്ഷൻ രേവന്ത് റെഡ്ഡിയടക്കം റെഡ്ഡി വിഭാഗത്തിൽപെട്ട 40 പേരാണ് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിലുള്ളത്. റെഡ്ഡി വിഭാഗക്കാരായ 39 പേർ ബി.ആർ.എസിലും മത്സരിക്കുന്നു. തെലങ്കാനയുടെ ആകെ ജനസംഖ്യ 2023ലെ കണക്കുകൾപ്രകാരം 3,81,57,311 ആണ്.
ഇതിൽ 11.5 ലക്ഷം മാത്രമാണ് മുന്നാക്ക വിഭാഗക്കാരായ റെഡ്ഡികൾ. ഇരുപാർട്ടികളുടെയും സ്ഥാനാർഥിപ്പട്ടികയിൽ പകുതിയോളം ഇടംനേടിയത് ആകെ ജനസംഖ്യയുടെ 4-5 ശതമാനം വരുന്ന, ബിസിനസ്, രാഷ്ട്രീയ മേഖലകളിൽ ശക്തമായ സ്വാധീനമുള്ള റെഡ്ഡികളാണ്.
നിലവിലെ മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവു (കെ.സി.ആർ) തെലങ്കാന പ്രക്ഷോഭത്തിനുശേഷം ദലിത് വിഭാഗത്തിൽനിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആ വാഗ്ദാനത്തിൽനിന്ന് അദ്ദേഹം പിന്നോട്ടുപോയി.
ജനസംഖ്യയിൽ നാലു ശതമാനം വരുന്ന, മുഖ്യമന്ത്രി ഉൾപ്പെടുന്ന മുന്നാക്ക ജാതിയായ വെലമയിൽനിന്നുള്ള അംഗങ്ങളുടെ എണ്ണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എട്ടിൽനിന്ന് 12 ആയി ഉയർന്നു. ഇക്കുറിയും കോൺഗ്രസിന്റെ പട്ടികയിൽ 11ഉം ബി.ആർ.എസിൽ 16ഉം മത്സരാർഥികൾ ഈ വിഭാഗത്തിൽനിന്നുണ്ട്.
2018ൽ തിരഞ്ഞെടുക്കപ്പെട്ട 119 എം.എൽ.എമാരിൽ മൂന്നിലൊന്നും റെഡ്ഡി വിഭാഗത്തിൽനിന്നുള്ളവരാണ്. ബി.ആർ.എസിന് മാത്രം റെഡ്ഡികളായി 36 എം.എൽ.എമാരാണുള്ളത്. പാർട്ടിയിലേക്ക് കൂറുമാറി എത്തിയ 12 പേരിൽ ആറ് കോൺഗ്രസ് എം.എൽ.എമാരും റെഡ്ഡികളാണ്.
ഋതു ബന്ധു (വർഷത്തിൽ രണ്ടു വിളകൾക്ക് കർഷക നിക്ഷേപ പിന്തുണ പദ്ധതി) അടക്കം പദ്ധതികൾ കെ.സി.ആർ സർക്കാർ നടപ്പാക്കിയത് വൻകിട ഭൂ ഉടമകളായ റെഡ്ഡികളെ ഒപ്പം നിർത്താനായിരുന്നു എന്ന വിമർശനവും ഉയർന്നിരുന്നു.
പിന്നീട് രാജ്യസഭ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള സമയമായപ്പോൾ കെ.സി.ആർ ആകെയുള്ള മൂന്നു സീറ്റുകളിൽ ഒന്ന് റെഡ്ഡിക്ക് വാഗ്ദാനംചെയ്തു. ഇതുകൂടാതെ നിരവധി നാമനിർദേശ സ്ഥാനങ്ങളും സർക്കാർ സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനങ്ങളും റെഡ്ഡിമാരുടെ കൈയിലാണ്. എങ്കിലും ഇതുകൊണ്ടൊന്നും സമുദായം തൃപ്തിപ്പെട്ടില്ലെന്ന് വേണം കരുതാൻ.
നിയമസഭ തെരഞ്ഞെടുപ്പിന് ഏറെ മുന്നേതന്നെ തങ്ങളുടെ ജാതിയിൽനിന്നുള്ള മുഖ്യമന്ത്രിയെന്ന ആവശ്യം റെഡ്ഡി ജാതിസഭകളിൽ ഉയർന്നിരുന്നു. അതിന്റെകൂടി പ്രതിഫലനമാണ് കോൺഗ്രസിൽ രേവന്ത് റെഡ്ഡിയുടെ കടന്നുവരവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
2014ൽ 22ഉം 2018ലെ നിയമസഭകളിൽ 24മായിരുന്നു പിന്നാക്കജാതി എം.എൽ.എമാരുടെ എണ്ണം. ഇവരിൽ ഭൂരിഭാഗവും മുന്നൂർ കാപ്പു, മുദിരാജ്, പത്മശാലി, ഗൗഡ സമുദായങ്ങളിൽപെട്ടവരാണ്. മറ്റു പല പിന്നാക്ക ജാതികൾക്കും നിയമസഭയിൽ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.
പിന്നാക്ക വിഭാഗങ്ങളിലെ 130 ജാതികളിൽ 110 എണ്ണത്തിന്റെ പ്രതിനിധികൾ ഒരിക്കലും നിയമസഭ കണ്ടിട്ടില്ല. ആകെ ജനസംഖ്യയുടെ 12.70 ശതമാനമുള്ള മുസ്ലിം വിഭാഗത്തിൽപെട്ട എം.എൽ.എമാരുടെ എണ്ണം എട്ടിൽനിന്ന് ഒമ്പതിലെത്തിയിട്ടുണ്ട്. ഇക്കുറിയും കാര്യമായ മാറ്റങ്ങളൊന്നുമില്ലാത്ത തെരഞ്ഞെടുപ്പാണ്, സ്ഥാനാർഥിപ്പട്ടികയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.