ആയാറാം ഗയാറാം; കർണാടകയിൽ നേതാക്കൾക്ക് പ്രിയം കോൺഗ്രസ്
text_fieldsബംഗളൂരു: കൂടുവിട്ടു കൂടുമാറ്റം രാഷ്ട്രീയ പാർട്ടികളിൽ പതിവാണ്. കർണാടകയിൽ ഇതര പാർട്ടികളിലേക്കുള്ള നേതാക്കളുടെ ചാട്ടം ഒട്ടും പുതുമയുള്ളതുമല്ല. ഓരോ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും സർക്കാർ രൂപവത്കരണ സമയത്തുമെല്ലാം അതൃപ്തർ തരാതരം പോലെ കാലുമാറാറുണ്ട്. ഭരണപക്ഷത്തുനിന്ന് 17 എം.എൽ.എമാരെ ഒറ്റയടിക്ക് ചാക്കിട്ട് പിടിച്ച് 2019ൽ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യ സർക്കാറിനെ ബി.ജെ.പി അട്ടിമറിച്ചതാണ് കർണാടകയിൽ ഒടുവിലെ ഏറ്റവും വലിയ രാഷ്ട്രീയ ഓപറേഷൻ. എന്നാൽ, 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ ബി.ജെ.പിയിൽനിന്നും ജെ.ഡി-എസിൽനിന്നും നേതാക്കൾ കോൺഗ്രസിലേക്ക് ഒഴുകുന്നതാണ് കന്നട നാട്ടിലെ ട്രെൻഡ്. ഇക്കൂട്ടത്തിൽ പാർട്ടികളിലേക്ക് മടങ്ങിയെത്തിയ ‘ഘർവാപസി’ക്കാരുമുണ്ട്. മല്ലികയ്യ ഗുട്ടേദാർ, ജയപ്രകാശ് ഹെഗ്ഡെ, തേജസ്വിനി ഗൗഡ തുടങ്ങിയവർ മുമ്പ് കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയവരാണ്.
2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പും സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിന് ശേഷവും കോൺഗ്രസിലേക്ക് നിരവധി നേതാക്കളെത്തിയിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യ തീരുമാനത്തിന് പിന്നാലെ ജെ.ഡി-എസിൽനിന്ന് കുടുതൽ പേരെത്തി. മുൻ എം.എൽ.എമാരായ ആർ. മഞ്ജുനാഥ്, ഡി.സി. ഗൗരി ശങ്കർ, എം.സി. അശ്വഥ്, മുതിർന്ന നേതാവ് ടി.ആർ. പ്രസാദ്, കെ.വി. മല്ലേഷ് എന്നിവർ ഇവരിൽ ചിലരാണ്. സി.എം. ഫായിസ്, അഡ്വ. നജ്മ നസീർ, യാസറബ് അലി ഖാദിരി എന്നിവരടക്കം ജെ.ഡി-എസിലെ മുസ്ലിം നേതാക്കളും കോൺഗ്രസിലേക്കാണ് ചേക്കേറിയത്. മാണ്ഡ്യ, രാമനഗര, ബംഗളൂരു റൂറൽ, മൈസൂരു, ബിദർ ജില്ലകളിലെ പ്രാദേശിക നേതാക്കളിൽ പലരും കഴിഞ്ഞ രണ്ടു മാസത്തിനിടെ കൂട്ടത്തോടെ കോൺഗ്രസിലെത്തി.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ബി.ജെ.പി എം.എൽ.എമാരായ എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവർ കോൺഗ്രസിൽ മടങ്ങിയെത്തിയേക്കും. സോമശേഖർ ബംഗളൂരു നോർത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കായി പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ശിവറാം ഹെബ്ബാറിന്റെ മകൻ വിവേക് ഹെബ്ബാർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.